തൃക്കാക്കരയിൽ മൂന്ന് മുന്നണികളും കൊട്ടിക്കലാശത്തിൽ കസറവെ അതുസംഭവിച്ചു, കുന്തിരിക്കം പുകയുമായി അവരെത്തി
കൊച്ചി: കേരളക്കര ഇതുവരെ കാണാത്ത ആവേശത്തോടെ മൂന്ന് മുന്നണികളുടെയും സമുന്നത നേതാക്കളെല്ലാം ആഴ്ചകളോളം മണ്ഡലത്തിൽ തന്നെ തമ്പടിച്ച് പ്രചാരണം ഉഷാറാക്കിയ ആദ്യ ഉപതിരഞ്ഞെടുപ്പെന്ന പെരുമയോടെ തൃക്കാക്കര തിരഞ്ഞെടുപ്പ് പൂരത്തിന്റെ ആവേശം അലകടലായി കൊട്ടിയിറങ്ങി.ഇന്നലെ വൈകിട്ട് അഞ്ചുമുതൽ ആറുവരെ നടന്ന കൊട്ടിക്കലാശത്തിന് വേദിയായ പാലാരിവട്ടം അക്ഷരാർത്ഥത്തിൽ അണികളുടെ സാഗരമായി. തൃക്കാക്കരയുടെ വീഥികളിലൂടെ മൂന്നായി ഒഴുകിയെത്തിയ ജനസാഗരം പാലാരിവട്ടം ജംഗ്ഷനിൽ ത്രിവേണി സംഗമെന്നകണക്കേ വന്നൊന്നായി അലിഞ്ഞു.കൃത്യം 5ന് ഇടതുസ്ഥാനാർത്ഥി ഡോ.ജോ ജോസഫും പരിവാരങ്ങളും കളംപിടിച്ചു. ക്രെയിനിന്റെ മുൻകൈയിലെ ബക്കറ്രിൽ കയറി വാനിലുയർന്നുനിന്ന സ്ഥാനാർത്ഥി പാർട്ടിപ്പതാക വീശി അണികളെ ആവശേഭരിതരാക്കി. മന്ത്രി പി.രാജീവ്, എം.സ്വരാജ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.തൊട്ടുപിന്നാലെ കോട്ടകാക്കാനാറിങ്ങിയ ഉമാ തോമസും സംഘവുമെത്തി. തുറന്ന ജീപ്പിൽ നടൻ രമേഷ് പിഷാരടിയുടെ താരപ്പൊലിമയിലായിരുന്നു രംഗപ്രവേശം. കോൺഗ്രസ് നേതൃനിരയിലെ യുവതുർക്കികളായ പി.സി.വിഷ്ണുനാഥും ഷാഫി പറമ്പിലുമുൾപ്പെടെ നേതാക്കളും പ്രാദേശിക നേതാക്കളും പ്രവർത്തകരും അനുഗമിച്ചു.സ്ഥാനാർത്ഥി പ്രഖ്യാപനത്തിലും അവസാനമെത്തിയ എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ.രാധാകൃഷ്ണൻ പി.സി.ജോർജിനും കെ.സുരേന്ദ്രനുമൊപ്പം എത്തിയതോടെ ത്രിവേണിസംഗമം പൂർത്തിയായി. മണ്ണുമാന്തി യന്ത്രവുമായായിരുന്നു എൻ.ഡി.എയുടെ രംഗപ്രവേശം