പഞ്ചാബ് കോൺഗ്രസ് നേതാവ് സിദ്ദു മൂസൈവാലയുടെ കൊലപാതകം
2019 നവംബർ 26 ന് ഹൈദരാബാദിനടുത്ത് പ്രിയങ്ക റെഡ്ഡി എന്ന ഡോക്ടറെ നാലംഗസംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം തീകൊളുത്തി കൊലപ്പെടുത്തി. എട്ട് ദിവസത്തിനു ശേഷം ഡിസംബർ ആറിന് തെളിവെടുപ്പിന്റെ ഭാഗമായി സംഭവസ്ഥലത്തെത്തിച്ച പ്രതികൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പൊലീസിന് പ്രതികൾക്ക് നേരെ നിറയൊഴിക്കേണ്ടി വന്നു. സംഭവത്തെ തുടർന്ന് സുപ്രീം കോടതി അന്വേഷണത്തിന്റെ ഭാഗമായി ഒരു കമ്മിഷനെ നിയമിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പത്ത് പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാനും തീരുമാനിച്ചു.
ഹൈദരാബാദ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പൊതുജനം ഏറ്റുമുട്ടൽ നടത്തിയ പൊലീസുകാരെ പ്രശംസിക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയുമുണ്ടായി. എന്നാൽ പൊലീസുകാർക്കെതിരെ അന്വേഷണമുണ്ടായപ്പോൾ കമ്മിഷനെ പിന്തുണയ്ക്കാൻ ഇവരാരും തയാറായില്ല. 2012ൽ ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് മൃഗീയമായി കൊലപ്പെടുത്തിയ കേസിൽ പൊലീസ് പഴുതടച്ച അന്വേഷണത്തിലൂടെ കുറച്ച് വൈകിയാണെങ്കിലും പ്രതികൾക്ക് തൂക്കുകയർ ഉറപ്പാക്കി.
കസ്റ്റഡിയിലിരിക്കുന്ന പ്രതികളെ കൊലപ്പെടുത്താൻ പൊലീസിനുണ്ടാകുന്ന ചേതോവികാരങ്ങൾ എന്താണെന്ന് നോക്കാം. കുറ്റത്തിന്റെ കാഠിന്യം മനസിലാക്കി വധശിക്ഷയിൽ കുറഞ്ഞൊന്നും പ്രതികൾക്ക് കിട്ടരുത് എന്നൊരു നിർബന്ധം പൊലീസിനുണ്ടാവും. വധശിക്ഷ നൽകേണ്ടയിരുന്ന മുന്നൂറിൽപരം കേസുകളിൽ ശിക്ഷ നടപ്പാക്കാൻ സാധിച്ചിട്ടില്ല. രാജ്യദ്രോഹം, തീവ്രവാദം, ബലാത്സംഗ കൊലപാതകം തുടങ്ങി നിരവധി കുറ്റവാളികളാണ് ഈ കേസുകളിൽ ഉൾപ്പെടുന്നത്. ജയിലിലടച്ചാലും പ്രതികൾക്ക് കുറ്റത്തിന് അർഹിക്കുന്ന ശിക്ഷ കിട്ടാൻ സാദ്ധ്യതയില്ലെന്ന ചിന്തയാണ് ചില അവസരങ്ങളിൽ നിയമം കൈയിലെടുക്കാനും തൽക്ഷണം നീതി നടപ്പാക്കാനും പൊലീസിനെ പ്രേരിപ്പിക്കുന്നത്.
കേസുകളിൽ ഉടനടി നടപടിയും ശിക്ഷയും ഉറപ്പാക്കണമെന്നാണ് ജനത്തിന്റെ ചിന്താഗതി . ചില കേസുകളിൽ നീണ്ടുപോകുന്ന വധശിക്ഷാ നടപടികളിൽ ജനം വിശ്വാസമർപ്പിക്കുന്നില്ല.ഹൈദരാബാദ് കേസിൽ നാട്ടുകാരുടെ ആഗ്രഹം തന്നെയാണ് പൊലീസ് ഏറ്റുമുട്ടലിൽ കലാശിച്ചത്.
ഇന്ത്യയിൽ ഓരോ 88 മിനിട്ടിൽ ഒരു ബലാത്സംഗം നടക്കുന്നുവെന്നാണ് കണക്ക്. എന്നാൽ സ്വാതന്ത്ര്യം ലഭിച്ച് 75 വർഷമായിട്ടും ഇത്തരം കേസുകളുടെ തുടരന്വേഷണത്തിന് യാതൊരു കർശന സംവിധാനവും ഏർപ്പെടുത്തിയിട്ടില്ല. കൃത്യമായ അന്വേഷണം നടക്കാത്തതിനാൽ 100 ബലാത്സംഗ കേസുകളിൽ 72 പ്രതികളും പല കാരണങ്ങൾകൊണ്ട് രക്ഷപ്പെടുന്നു.
ബലാത്സംഗകേസുകൾ എങ്ങനെ മികച്ച രീതിയിൽ അന്വേഷിക്കാം കുറ്റവാളികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാം ഇതൊക്കെയാണ് ചർച്ച ചെയ്യപ്പെടേണ്ടത്. അല്ലാതെ പിടിക്കപ്പെട്ട കുറ്റവാളികളെ വെടിവച്ചു കൊല്ലാനല്ല പൊലീസ് തുനിയേണ്ടത്. പൊലീസ് കസ്റ്റഡിയിലിരിക്കുന്ന ആളുകളെ ഒരിക്കലും അപായപ്പെടുത്താൻ പാടില്ല. കസ്റ്റഡിയിലുള്ളത് എത്ര വലിയ കുറ്റവാളിയാണെങ്കിലും അയാളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട ഉത്തരവാദിത്വം പൊലീസിനുണ്ട്. അവരെ കോടതിയിലെത്തിച്ച് നിയമപരമായ ശിക്ഷ വാങ്ങിക്കൊടുക്കണം. കുറ്റവാളികളെ കണ്ടെത്തേണ്ടത് മാത്രമാണ് പൊലീസിന്റെ ചുമതല. പ്രതികളെ കോടതിയുടെ മുന്നിലെത്തിച്ച് നീതി നടപ്പാക്കാൻ സൗകര്യമൊരുക്കുകയാണ് പൊലീസിന്റെ കർത്തവ്യം