സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പ്രവാസിയെ വിട്ടയച്ചു
കോഴിക്കോട്: താമരശേരി ചുരത്തിൽ വച്ച് സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ തിരിച്ചെത്തിച്ചു. കോഴിക്കോട് കുന്ദമംഗലം സ്വദേശി യാസിറിനെയാണ് ശനിയാഴ്ച അർദ്ധരാത്രി തട്ടിക്കൊണ്ടുപോയത്. വിദേശത്തുനിന്നെത്തിയ യാസിർ വയനാട്ടിലേയ്ക്ക് പോകുന്നതിനിടെയാണ് ചുരത്തിലെ രണ്ടാം വളവിൽ വച്ച് ഇയാൾ സഞ്ചരിച്ച ഇന്നോവ ഒരു സംഘം ആക്രമിക്കുകയും യാസിറിനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തത്. സംഭവം കണ്ടുനിന്ന ലോറി ഡ്രൈവർമാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് താമരശേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുന്ദമംഗലം സ്വദേശിയായ യാസിറാണ് കാറിലുണ്ടായിരുന്നതെന്ന് തിരിച്ചറിഞ്ഞത്.
വിമാനത്താവളത്തിൽ വന്നിറങ്ങിയ യാസിർ വീട്ടിലേയ്ക്ക് പോകാതെ വയനാട്ടിലേക്ക് യാത്ര ചെയ്തതിൽ ദുരൂഹതയുണ്ടെന്നും സംഭവത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്ന് സൂചന ലഭിച്ചതായും പൊലീസ് പറഞ്ഞു. സ്വർണം കൊടുത്തുവിട്ട ആളുകൾ പിന്തുടർന്നെത്തി സ്വർണം തിരിച്ചെടുക്കുകയായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ യാസിറിനെ താമരശേരി പൊലീസ് ചോദ്യം ചെയ്തു. എന്നാൽ ആളുമാറി തട്ടിക്കൊണ്ടുപോയതാണെന്നും തനിക്ക് പരാതിയില്ലെന്നുമാണ് യാസിർ പറയുന്നത്. അതിനാൽ നിലവിൽ കേസെടുത്തിട്ടില്ല. ഇയാളെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.