മകൾ കിണറ്റിൽ വീണതുകണ്ട് രക്ഷിക്കാൻ ഓടിയെത്തിയ മാതാവ് മറ്റൊരു കിണറ്റിൽ വീണു, പുറത്തെടുത്തത് അതി സാഹസികമായി
നെടുമങ്ങാട്: വീടിനടുത്തുള്ള കിണറ്റിൽ വീണ മകളെ രക്ഷിക്കാൻ ഓടിയ മാതാവ് അതേ പറമ്പിലെ മറ്റൊരു കിണറ്റിൽ വീണു. കൊല്ലംകാവ് തത്തൻകോട് നസീറിന്റെ ഉടമസ്ഥതയിലുള്ള പൈനാപ്പിൾ എസ്റ്റേറ്റിൽ താമസിക്കുന്ന സബീനയും മകളുമാണ് അടുത്തടുത്തുള്ള കിണറുകളിൽ വീണത്.ഇന്നലെ രാവിലെ 11.30 നോടെയാണ് സംഭവം. മകൾ ഫൗസിയ വീടിന് സമീപത്തുള്ള കിണറ്റിൽ വീണ ശബ്ദം കേട്ട് വെപ്രാളത്തോടെ ഓടിയെത്തിയ സബീന കാൽവഴുതി താഴെത്തട്ടിലുള്ള മറ്റൊരു കിണറ്റിലേക്ക് വീഴുകയായിരുന്നു. ബഹളം കേട്ട് എത്തിയ തോട്ടം തൊഴിലാളികൾ ഫൗസിയയെ രക്ഷിച്ചെങ്കിലും എട്ടടി വ്യാസവും പത്തടിയോളം വെള്ളവുമുള്ള ചവിട്ട് തൊടിയില്ലാത്ത കിണറ്റിൽ അകപ്പെട്ട സബീനയെ നെടുമങ്ങാട് നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശിവരാജന്റെ നേതൃത്വത്തിൽ അഗ്നിശമന സേന രക്ഷിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രദീഷ് കിണറ്റിൽ ഇറങ്ങി റോപ്പിൽ തൂങ്ങി നിന്നുകൊണ്ട് സബീനയെ നെറ്റ് റിംഗിനുള്ളിൽ കയറ്റിയിരുത്തി. അമ്മയെയും മകളെയും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വിപിൻ, നിസാം, മനോജ്, അരുൺ, ഹോം ഗാർഡ് അജി, സതീഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.