മൂന്നു തവണ കെജിഎഫ് 2 കണ്ടു, ആവേശം കൂടി ഒരു പാക്കറ്റ് സിഗരറ്റ് വലിച്ചു; 15-കാരന് ആശുപത്രിയില്‍
ഹൈദരാബാദ്: കെ.ജി.എഫ് എന്ന സിനിമയിലെ യഷിന്റെ കഥാപാത്രമായ റോക്കിഭായിയെ അനുകരിച്ച് സിഗരറ്റ് വലിച്ച പതിനഞ്ചുകാരന് ആശുപത്രിയില്‍. ഹൈദരാബാദിലാണ് സംഭവം. ഒരു പാക്കറ്റ് സിഗററ്റ് വലിച്ച കുട്ടിയെ കടുത്ത ചുമയും തലവേദനയും തൊണ്ടവേദനയും കാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വിദഗ്ധ പരിശോധനയില്‍ ശ്വാസകോശത്തില്‍ കറ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ കൈവിരലുകളിലും കറയുണ്ടായിരുന്നു. ചികിത്സയ്ക്ക് ശേഷം പതിനഞ്ചുകാരന് പ്രത്യേക കൗണ്‍സിലിങ്ങും നല്‍കിയാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.
രണ്ടു ദിവസത്തിനിടെ മൂന്നു തവണയാണ് പതിഞ്ചുകാരന് കെ.ജി.എഫിന്റെ രണ്ടാം ഭാഗം കണ്ടത്. തുടര്‍ന്ന് ആവേശഭരിതനായി റോക്കി ഭായിയെപ്പോലെ ഒരു പായ്ക്കറ്റ് സിഗരറ്റ് വാങ്ങി വലിക്കുകയായിരുന്നു. കുട്ടിയുടെ
അച്ഛനും അമ്മയ്ക്കും ഇക്കാര്യം അറിയില്ലായിരുന്നു. ആദ്യമായിട്ടാണ് മകന് സിഗരറ്റ് വലിച്ചതെന്ന് മാതാപിതാക്കള്‍ പറയുന്നു.
ഇത്തരം കഥാപാത്രാങ്ങള്‍ കൗമാരക്കാതെ വലിയ തോതില്‍ സ്വാധീനിക്കുമെന്നും അതുകൊണ്ടുതന്നെ പുകവലിയും പുകയില ചവയ്ക്കുന്നതും മദ്യപാനവുമെല്ലാം സിനിമകളില്‍ മഹത്വവല്‍ക്കരിക്കാതിരിക്കാനുള്ള ധാര്‍മിക ഉത്തരവാദിത്തം ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കുണ്ടെന്നും പതിനഞ്ചുകാരനെ ചികിത്സിച്ച ഡോക്ടര്‍ രോഹിത് റെഡ്ഡി പറയുന്നു. ഹൈദരാബാദിലെ സെഞ്ചുറി ഹോസ്പിറ്റലിലെ പള്‍മണോളജിസ്റ്റാണ് രോഹിത് റെഡ്ഡി.