കോഴിക്കോട്ട് 48-കാരനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ്
കോഴിക്കോട്: മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് 48-കാരനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. കല്ലായി കണ്ണഞ്ചേരി സ്വദേശി മാടായി വീട്ടില്‍ ബാബുരാജനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി പൊക്കുന്ന് സ്വദേശി മുരളി (44)യെ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. അനില്‍കുമാര്‍ ശിക്ഷിച്ചത്. പിഴത്തുക കൊല്ലപ്പെട്ടയാളുടെ ഭാര്യയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ പ്രതി മൂന്നുവര്‍ഷം കൂടി തടവ് അനുഭവിക്കണം.
2019 മേയ് 22-നായിരുന്നു കേസിനാസ്പദമായ സംഭവം. ബാബുരാജനോട് മുന്‍വൈരാഗ്യമുണ്ടായിരുന്ന പ്രതി, ഇയാളെ നഗരത്തിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപത്തേക്ക് വിളിച്ചുവരുത്തുകയും ഇവിടെയുണ്ടായിരുന്ന കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തുകയുമായിരുന്നു. കിണറ്റില്‍ വീണതിനെ തുടര്‍ന്നുണ്ടായ ഗുരുതരമായ പരിക്കായിരുന്നു ബാബുരാജന്റെ മരണകാരണം.
കേസില്‍ പ്രോസിക്യൂഷന് ഭാഗത്തുനിന്നും 31 സാക്ഷികളെ വിസ്തരിച്ചു. 52 രേഖകളും 13 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷന് സാക്ഷികളില്‍ മൂന്നുപേര്‍ വിചാരണ വേളയില്‍ കൂറുമാറി. കോഴിക്കോട് ടൗണ്‍ പോലീസ് ഇന്‍സ്പെക്ടര്‍മാരായ ബിനു ടി. എസ്, ഉമേഷ് എ. എന്നിവരാണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോജു സിറിയക്, അഡ്വ. നിതിത ചക്രവര്‍ത്തിനി എന്നിവര്‍ ഹാജരായി.