കുട്ടിയെ കൈമാറിയത് മാതാവ്; പോക്സോ കേസില്‍ സൗദിയിലേക്ക് കടന്ന പ്രതി നാലുവര്‍ഷത്തിന് ശേഷം പിടിയില്‍
പാരിപ്പള്ളി: സൗദിയിലേക്ക് കടന്ന പോക്സോ കേസിലെ പ്രതി നാലുവര്‍ഷത്തിനുശേഷം പോലീസ് പിടിയില്‍. മലപ്പുറം പൊന്നാനി ചടയന്റഴികത്ത് മസ്ഹുദ് (32) ആണ് പിടിയിലായത്. 2018 ജൂണ്‍ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം.
പാരിപ്പള്ളിയില്‍ പഠിക്കുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാതാവ് എറണാകുളത്തുള്ള ഹോട്ടലിലെത്തിച്ച് മസ്ഹൂദിന് കൈമാറുകയായിരുന്നെന്നാണ് കേസ്. മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതി ഇതിനിടെ വിദേശത്തേക്ക് മുങ്ങിയിരുന്നു. ഇപ്പോള്‍ വിസ കാലാവധി കഴിഞ്ഞ് മുംബൈ എയര്‍പോട്ടില്‍ എത്തിയപ്പോള്‍ ലുക്കൗട്ട് നോട്ടീസിനെത്തുടര്‍ന്ന് തടഞ്ഞുവെക്കുകയായിരുന്നു. ചാത്തന്നൂര്‍ എ.സി.പി. ബി.ഗോപകുമാറിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് പാരിപ്പള്ളി ഇന്‍സ്പെക്ടര്‍ എ.അല്‍ജബ്ബാറിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ പ്രദീപ്കുമാര്‍, സുരേഷ്കുമാര്‍, എ.എസ്.ഐ. അഖിലേഷ്, നന്ദന് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.