പരിശോധിച്ചത് 150 ലോഡ്ജുകള്‍,യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘം പിടിയില്‍
വടക്കാഞ്ചേരി: മോചനദ്രവ്യം ആവശ്യപ്പെട്ട് മുള്ളൂര്‍ക്കര കണ്ണമ്പാറ ചാക്യാട്ട് എഴുത്തശ്ശന്‍ വീട്ടില്‍ ശ്രീജു(32)വിനെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഏഴംഗസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.
അമ്മയുടെ ചികിത്സാ ആവശ്യത്തിനായി മാരുതി കാര്‍ പണയപ്പെടുത്തി ആര്യംപാടം സ്വദേശിയായ മഹേഷ് മുഖേന ആര്യംപാടം മഞ്ജുനാഥില്‍നിന്ന് 1,10,000 രൂപ ശ്രീജു വാങ്ങിയിരുന്നു. പണം തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് കല്ലംപാറ സ്വദേശിയായ സുന്ദരന്‍ വഴി പനങ്ങാട്ടുകര സ്വദേശി സുമേഷുമായി ഗൂഢാലോചന നടത്തി ക്വട്ടേഷനെടുത്ത സംഘമാണ് പോലീസ് പിടിയിലായത്.
പുതുരുത്തി പൂങ്ങോട്ടില്‍ മഹേഷ് (21), പനങ്ങാട്ടുകര കോണിപറമ്പില്‍ സുമേഷ് (27), പൂമല വട്ടോലിക്കല്‍ സനല്‍ (20), കോട്ടയം കഞ്ഞിക്കുഴി പുതുപറമ്പില്‍ ശരത്ത് (22), പൂമല വലിയവിരിപ്പില്‍ റിനു സണ്ണി (27), പുതുരുത്തി പുലിക്കുന്നത്ത് മഞ്ജുനാഥ് (22), കല്ലംപാറ കല്ലിന്‍കുന്നത്ത് രാഗേഷ് (33) എന്നിവരെയാണ് വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികള്‍ക്കെതിരേ കൊലപാതകശ്രമം, ലഹരിമരുന്ന് കേസ് ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ കേസുകളുള്ളതായി പോലീസ് പറഞ്ഞു. വടക്കാഞ്ചേരി പോലീസ് കളമശ്ശേരി പോലീസിന്റെ സഹായത്തോടെ എറണാകുളത്തും കളമശ്ശേരിയിലുമായി 150 ലോഡ്ജുകളും മറ്റ് താമസസ്ഥലങ്ങളും പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.
മരണത്തില്‍നിന്ന് പോലീസ് രക്ഷപ്പെടുത്തിയ ശ്രീജു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വടക്കാഞ്ചേരി സ്റ്റേഷന് ചുമതലയുള്ള മുഹമ്മദ് നദിമുദ്ദീന്റെ നേതൃത്വത്തില്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ കെ. മാധവന്‍കുട്ടി, എസ്.ഐ.മാരായ എ.എ. തങ്കച്ചന്, കെ.ആര്. വിനു, എ.എസ്.ഐ.മാരായ അബ്ദുള്‍സലീം, എം.എക്സ്. വില്യംസ്, സീനിയര്‍ പോലീസ് ഓഫീസര്‍ അജിത്കുമാര്‍, സി.പി.ഒ.മാരായ പ്രദീപ്, ഗോകുലന്, പ്രവീണ്‍, സജിത്ത്, കളമശ്ശേരി പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ പി.ആര്. സന്തോഷ്, എസ്.ഐ.മാരായ ദീപു, സുരേഷ്, സുധീര്‍, മഹേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാര്‍ തുടങ്ങിയവരാണ് ശ്രീജുവിനെ മോചിപ്പിച്ച് ക്വട്ടേഷന്‍സംഘത്തെ അറസ്റ്റ് ചെയ്തത്.
മേയ് 24-ന് ഉച്ചയ്ക്ക് കണ്ണമ്പാറയില്നിന്ന് ശ്രീജുവിനെ തട്ടിക്കൊണ്ടുപോയി മോതിരം, പഴ്സ്, മൊബൈല്‍ ഫോണ്‍ എന്നിവ കൈക്കലാക്കി. വട്ടായി കാട്ടിലും തുടര്‍ന്ന് എറണാകുളത്തെ വിവിധ സ്ഥലങ്ങളിലും തടങ്കലില്‍ ക്രൂരമായി മര്‍ദിച്ചു. കൊലപ്പെടുത്താന്‍ ശ്രമിച്ച അവര്‍ മര്‍ദനദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. വീഡിയോ കോള്‍ വഴി വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഇതിന്റെ ദൃശ്യങ്ങള്‍ അയച്ചുകൊടുത്ത് രണ്ടുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പോലീസ് പറഞ്ഞു.