രാമേശ്വരത്തെ കൂട്ടബലാത്സംഗം; രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍
ചെന്നൈ: രാമേശ്വരത്ത് മത്സ്യത്തൊഴിലാളിയെ കൂട്ടബലാത്സംഗംചെയ്ത് കൊന്ന് മൃതദേഹം കത്തിച്ച കേസില്‍ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ അറസ്റ്റുചെയ്തു. ഒഡിഷ സ്വദേശികളായ രഞ്ജന്‍ റാണ (34), പ്രകാശ് (22) എന്നിവരാണ് അറസ്റ്റിലായത്.
കൊല്ലപ്പെട്ട സ്ത്രീയില്‍നിന്ന് കവര്‍ന്ന ആഭരണം പണയംവെച്ച തുകയുമായി ജന്മനാടായ ഒഡിഷയിലേക്ക് പോകാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പോലീസ് പറഞ്ഞു. രാമേശ്വരം കടല്‍ത്തീരത്തെ ചെമ്മീന്‍ ഫാക്ടറിക്കുസമീപമുള്ള വിജനമായ തീരത്ത് ചൊവ്വാഴ്ച രാത്രിയാണ് നാല്പതുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. ചെമ്മീന്‍ വളര്‍ത്തുകേന്ദ്രത്തില്‍ ജോലിചെയ്യുന്ന ആറ്് ഒഡിഷ സ്വദേശികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇവരെ ചോദ്യംചെയ്തപ്പോഴാണ് രഞ്ജന്‍ റാണ, പ്രകാശ് എന്നിവര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായത്. നിരപരാധികളാണെന്നാണ് മറ്റു നാലുപേര്‍ നല്കിയ മൊഴി.
കൊല്ലപ്പെട്ട സ്ത്രീക്ക് കടല്‍പ്പായല്‍ ശേഖരിക്കുന്ന ജോലിയായിരുന്നു. ചൊവ്വാഴ്ച പായലെടുക്കാന് ചെമ്മീന്കെട്ടിന് സമീപമെത്തിയപ്പോഴാണ് ഇവരെ ആക്രമിച്ചത്. ബലാത്സംഗത്തിനുശേഷം കഴുത്തുഞെരിച്ച് കൊന്ന് മൃതദേഹം കത്തിക്കാനായിരുന്നു പദ്ധതി. എന്നാല്‍, ശരീരം പൂര്‍ണമായി കത്തിയില്ല. ചെമ്മീന്ഫാക്ടറിയിലെ തൊഴിലാളികള്‍ ശല്യംചെയ്യുന്നതായി കൊല്ലപ്പെട്ട സ്ത്രീ നേരത്തേ ഭര്‍ത്താവിനോട് പരാതിപ്പെട്ടിരുന്നു. അതാണ് സംശയം അവരിലേക്ക് നീളാന്‍ കാരണം. ചെമ്മീന്ഫാക്ടറി ആക്രമിച്ച നാട്ടുകാര്‍ ഇതരസംസ്ഥാന തൊഴിലാളികളെ മര്‍ദിച്ചശേഷമാണ് പോലീസില്‍ ഏല്‍പ്പിച്ചത്. പരിക്കേറ്റ ആറുപേരും രാമനാഥപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കുറ്റവാളികള്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് പ്രദേശവാസികള്‍ രാമേശ്വരത്ത് റോഡ് ഉപരോധിച്ചു. കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും വീട്ടിലൊരാള്‍ക്ക് സര്‍ക്കാര്‍ജോലി നല്‍കണമെന്നും മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു.