സ്വര്‍ണക്കടത്തില്‍ ചുവടുമാറ്റം; ഇപ്പോള്‍ ഉപയോഗിക്കുന്നത് വിമാനജീവനക്കാരെ
കരിപ്പൂര്‍: യാത്രക്കാര്‍ വഴിയുള്ള സ്വര്‍ണക്കടത്ത് സാഹസംനിറഞ്ഞതായതോടെ കള്ളക്കടത്ത് സംഘങ്ങള്‍ പുതുവഴികള്‍ തേടുന്നു. വിമാനജീവനക്കാരെയാണ് ഇപ്പോള്‍ ലക്ഷ്യംവെക്കുന്നത്. രണ്ട് മാസത്തിനിടെ കോഴിക്കോട് വിമാനത്താവളത്തില്‍മാത്രം ഇത്തരം മൂന്നു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിമാനത്തിലും ടെര്‍മിനലിലെ ശൗചാലയത്തിലുമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്വര്‍ണം കണ്ടെടുത്തത് ആറു തവണയാണ്. കഴിഞ്ഞദിവസം സ്വര്‍ണക്കടത്തിന് പിടിയിലായ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരന് നവനീത് സിങ്ങിനെ ചോദ്യം ചെയ്തതില്‍നിന്നാണ് കസ്റ്റംസിന് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയത്. ഇയാള്‍തന്നെ ആറുതവണ കോഴിക്കോട് വഴി സ്വര്‍ണം കടത്തിയതായി മൊഴി നല്കി. കൂടുതല്‍ വിമാനജീവനക്കാര്‍ കള്ളക്കടത്തു സംഘത്തിന്റെ വലയില്‍ കുടുങ്ങിയതായും മൊഴിയിലുണ്ട്.
ദുബായ് കേന്ദ്രമായ കള്ളക്കടത്ത് സംഘമാണ് ഇതിനു പിന്നിലെന്നാണ് നവനീത് പറയുന്നത്. വിമാനജീവനക്കാര്‍ താമസിക്കുന്ന ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. ജീവനക്കാരെ വരുതിയിലാക്കാന്‍ ഹണിട്രാപ്പ് വരെ കള്ളക്കടത്ത് സംഘം ഉപയോഗിക്കുന്നുണ്ട്. വലയിലായാല്‍ സംയുക്തരൂപത്തിലാക്കിയ സ്വര്‍ണം കൈമാറും.
ഗള്‍ഫില്‍വെച്ച് നേരിട്ടു നല്‍കിയും വിമാനത്തില്‍ മറ്റു യാത്രക്കാര്‍ ശൗചാലയത്തില്വെക്കുന്ന സ്വര്‍ണം പുറത്തെത്തിക്കലുമായി രണ്ടു തരത്തിലാണ് ഇവരെ സംഘം ഉപയോഗിക്കുന്നത്. വിമാനത്താവളത്തിന് പുറത്തു കാത്തുനില്ക്കുന്ന സംഘാംഗങ്ങള്‍ക്ക് സാധനം കൈമാറുന്നതോടെ ഇവരുടെ ജോലിതീരും. ലാഭത്തിന്റെ 30 ശതമാനംവരെയാണ് ഇവര്‍ക്ക് പ്രതിഫലം.
വിമാനജീവനക്കാര്‍ക്ക് കസ്റ്റംസ് പരിശോധന കുറവാണെന്നതും സംയുക്തരൂപത്തിലുള്ള സ്വര്‍ണം വാതിലില്‍ സ്ഥാപിച്ച മെറ്റല്‍ ഡിറ്റക്ടറില്‍ കണ്ടെത്തില്ലെന്നതുമാണ് ഇത്തരം സ്വര്‍ണക്കടത്തിന് പിന്നില്‍. വിമാനജീവനക്കാര്‍ക്ക് കസ്റ്റംസ്, എമിഗ്രേഷന്‍ വിഭാഗങ്ങള്‍ പ്രത്യേക പരിഗണന നല്‍കാറുണ്ട്. ഇതു മുതലെടുത്താണ് വിമാനജീവനക്കാര്‍ സ്വര്ണക്കടത്തിനിറങ്ങുന്നത്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തില്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് കസ്റ്റംസ് വിഭാഗം