അർജ്ജുൻ ആയങ്കി മുമ്പും ‘സ്വർണ്ണക്കടത്ത് പൊട്ടിക്കൽ’ നടത്തിയതിന് തെളിവുകൾ; വെളിപ്പെടുത്തി കസ്റ്റംസ്
കണ്ണൂര്: കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിൽ ഉൾപെട്ട അർജ്ജുൻ ആയങ്കി നേരത്തേയും നിരവധി സ്വർണ്ണക്കടത്ത് പൊട്ടിക്കൽ നടത്തിയതിന്റെ തെളിവുകൾ കിട്ടിയെന്ന് കസ്റ്റംസ്. കേസിൽ രണ്ട് ആഴ്ചയ്ക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കും. അർജ്ജുൻ ആയങ്കിയും ടിപി വധക്കേസ് പ്രതികളും പാർട്ടിയെ മറയാക്കി നടത്തിയ ക്വട്ടേഷൻ പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞ സിപിഎം ഇവരെ ഒറ്റപ്പെടുത്താൻ മാസങ്ങൾ നീണ്ട പ്രചാരണമാണ് ജില്ലയിൽ നടത്തിയത്.
2021 ജൂൺ 21 ന് കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് ചുവന്ന സ്വിഫ്റ്റ് കാറിൽ കാത്തുനിന്നയാളാണ് അർജ്ജുൻ ആയങ്കി. രാത്രികാലങ്ങളിൽ സ്വർണ്ണം കടത്തുകയും മറ്റ് ക്യാരിയർമാരെ അക്രമിച്ചും സ്വാധീനിച്ചും സ്വർണ്ണം കൈക്കലാക്കുകയും ചെയ്യുന്ന കുറ്റവാളിയാണ് ഇയാളെന്ന് കേട്ട് കണ്ണൂരുകാർ അമ്പരന്നുപോയതിന് ഒരു കാരണമുണ്ട്. സമൂഹമാധ്യമങ്ങളിൽ സിപിഎമ്മിനായി പ്രചാരണം നടത്തിയിരുന്ന സൈബർ പോരാളിയായിരുന്നു ആയങ്കി. കൂട്ടാളികളാകട്ടെ ടിപി വധക്കേസ് കേസ് പ്രതികളായ കൊടി സുനി, കിർമ്മാണി മനോജ്, മുഹമ്മദ് ഷാഫി. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. കസ്റ്റംസ് നടത്തിയ അന്വേഷണത്തിൽ ഇതിന് മുമ്പ് പലതവണ സ്വർണ്ണം പൊട്ടിക്കൽ ക്വട്ടേഷൻ അർജ്ജുൻ നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി.
സ്വർണ്ണത്തിനായി പണം ഇറക്കിയവർ അന്വേഷിച്ചിറങ്ങിയാൽ സിപിഎം ബന്ധം ചൂണ്ടിക്കാട്ടി കൊടിസുനിയുടെ ഭീഷണി കോളെത്തും. സുനി ജയിലാണെങ്കിലും അവിടെവച്ചും ഓപ്പറേഷൻസ് നടക്കുന്നുണ്ട്.
സിപിഎമ്മിനെ കവചമാക്കി ഇവർ ക്വട്ടേഷൻ വിവരങ്ങൾ പുറത്ത് വന്നതോടെ പാർട്ടി ശുദ്ധീകരണം തുടങ്ങി. ജില്ലാ സെക്രട്ടറി വാർത്താ സമ്മേളനം വിളിച്ച് അർജ്ജുൻ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവരടക്കം 20ലേറെ വരുന്ന ക്വട്ടേഷൻ സംഘാംഗങ്ങളുടെ പേരടക്കം പുറത്തുവിട്ടു. ജില്ലയിലെ മൂവായിരത്തി എണ്ണൂറ്റി ഒന്ന് കേന്ദ്രങ്ങളിൽ പ്രചാരണവും നടത്തി. അപ്പോഴും ആകാശ് തില്ലങ്കേരി ഉൾപെടെയുള്ളവർ സ്വന്തം നിലയിൽ പാർട്ടി പ്രചാരണം ഫേസ്ബുക്കിൽ തുടർന്നു.
ഇതിനിടെ ക്വട്ടേഷൻ പ്രവർത്തനങ്ങളെ മുന്നിൽ നിന്ന് എതിർത്ത അന്നത്തെ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് മനു തോമസിനെ അപകീർത്തിപ്പെടുത്തിയതിന് അർജ്ജുനും ആകാശിനും എതിരെ ഡിവൈഎഫ്ഐ പൊലീസിന് പരാതി നൽകി. ഏറ്റവുമൊടുവില് സിപിഎമ്മിന്റെ രാഷ്ട്രീയ സമ്മർദ്ദം മൂലമാണ് അർജ്ജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ പൊലീസ് തീരുമാനിച്ചതെന്നാണ് വിവരം