കാട്ടുപന്നികളെ വെടിവച്ചുകൊല്ലാം, പക്ഷെ പിന്നീട് നാട്ടിലേയ്ക്ക് വരുന്നത് കടുവകളായിരിക്കും
തിരുവനന്തപുരം: ജനവാസകേന്ദ്രങ്ങളിൽ വിനാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകുന്ന തീരുമാനം, ഭരണഘടനാവ്യവസ്ഥകൾക്കും വന്യജീവി സംരക്ഷണ നിയമത്തിനും വിരുദ്ധമാണെന്ന വാദം ഉയരുന്നതോടെ നിയമക്കുരുക്കിലായേക്കും. മേനകഗാന്ധി അടക്കമുള്ള പരിസ്ഥിതിപ്രവർത്തകരും വിദഗ്ദ്ധരും ശക്തമായ വിയോജിപ്പാണ് ഉയർത്തുന്നത്. ഇതോടെ കഴിഞ്ഞ മന്ത്രിസഭായോഗം കൈക്കൊണ്ട തീരുമാനത്തിന്റെ നടത്തിപ്പ് ആശയക്കുഴപ്പത്തിലായി.
കാട്ടുപന്നികളെ കണ്ടമാനം വെടിവച്ചുകൊന്നാൽ മറ്റുതരത്തിലുള്ള പാരിസ്ഥിതിക വ്യതിയാനത്തിന് വഴിവയ്ക്കുമെന്ന ആശങ്കയുമുണ്ട്. ഇവയെ വേട്ടയാടിത്തിന്നുന്ന കടുവകൾ ഉൾപ്പെടെ ഇരയെ കിട്ടാതാകുമ്പോൾ നാട്ടിലേക്ക് വ്യാപകമായി ഇറങ്ങാനിടയുണ്ട്. ഭരണഘടനയുടെ 21ാം വകുപ്പനുസരിച്ച് ജീവിക്കാനുള്ള അവകാശം എല്ലാ ജീവജാലങ്ങൾക്കും അനുവദിച്ച് കൊടുത്തിട്ടുള്ളതാണെന്ന് സുപ്രീംകോടതി തന്നെ തീർപ്പുകല്പിച്ചിട്ടുണ്ടെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. മനുഷ്യർക്ക് മാത്രമല്ല ആ മൗലികാവകാശം.
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കാത്തതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ വിശദീകരിച്ചെങ്കിലും അതിന്റെ പ്രയോഗസാദ്ധ്യതയ്ക്കാണ് നിയമം വിലങ്ങുതടിയാവുന്നത്.
നിയമം പറയുന്നത്
വന്യജീവികളടക്കമുള്ള പ്രകൃതിയെ സംരക്ഷിച്ച് പരിപാലിക്കേണ്ടത് ഓരോ പൗരന്റെയും മൗലിക കടമയാണെന്ന് ഭരണഘടനയുടെ 51 എ (ജി) വകുപ്പിൽ
48 (എ) വകുപ്പ് പ്രകാരം പരിസ്ഥിതിയുടെയും വന്യജീവികളുടെയും സംരക്ഷണവും പരിപാലനവും ഭരണകൂടത്തിന്റെ ഉത്തരവാദിത്വം
1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ മൂന്നാം പട്ടികയിൽ പത്തൊമ്പതാം ഇനമായാണ് കാട്ടുപന്നികളെ ഉൾപ്പെടുത്തിയിരിക്കുന്നത്
62-ാം വകുപ്പനുസരിച്ച് ഒന്നും രണ്ടും ഒഴിച്ചുള്ള പട്ടികകളിൽപെടുന്ന ജീവികളെയെല്ലാം ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള അധികാരം കേന്ദ്രത്തിന്
അങ്ങനെ പ്രഖ്യാപിച്ചാൽ ഭരണഘടനയിൽ ഭേദഗതി കൊണ്ടുവന്ന് കൊല്ലാൻ അനുവാദം ലഭിക്കും
11 (1) (ബി) വകുപ്പിൽ മനുഷ്യജീവനോ കാർഷികവിളകൾക്കോ നാശനഷ്ടം വരുത്തുന്ന ജീവിയെ വേട്ടയാടി കീഴ്പ്പെടുത്തി കൂട്ടിലടയ്ക്കാമെന്നാണ്. കൊല്ലാനനുവാദമില്ല
സ്വരക്ഷയ്ക്കായി മാത്രം കൊല്ലാമെന്ന് ഇതേ വകുപ്പിൽ അനുബന്ധവ്യവസ്ഥയായി പറയുന്നു. യഥേഷ്ടം കൊല്ലാനാവില്ല.