നിയന്ത്രണം വിട്ട കാറിടിച്ചു; കാൽനടയാത്രക്കാരായ അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചു
കൽപറ്റ: മാനന്തവാടിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് കാൽനടയാത്രക്കാർ മരിച്ചു. അന്യസംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ഉത്തർപ്രദേശ് സ്വദേശിയായ ദുർഗപ്രസാദ്, ബംഗാൾ സ്വദേശി തുളസീറാം എന്നിവരാണ് മരിച്ചത്. ചങ്ങാടക്കടവ് പാലത്തിന് സമീപം ഇന്നലെ രാത്രിയായിരുന്നു അപകടം.
വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് പാലത്തിന് നടുവിൽവച്ച് മറിയുകയായിരുന്നു. ഇതിനിടയിൽ പാലത്തിലൂടെ നടന്നുപോകുകയായിരുന്ന അന്യസംസ്ഥാന തൊഴിലാളികളെ വാഹനമിടിച്ചു. ദുർഗപ്രസാദ് പുഴയിലേക്ക് വീണു. ഒരു മണിയോടെയാണ് മൃതദേഹം ലഭിച്ചത്.
രണ്ടുപേരുടെയും മൃതദേഹങ്ങൾ മാനന്തവാടിയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തോണിച്ചാൽ സ്വദേശികളായ അമൽ, ടോബിൻ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തിൽ ഇരുവർക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.