മദ്രസയിൽ നിന്ന് ഓടിപ്പോകാതിരിക്കാൻ കുട്ടികളെ ചങ്ങലക്കിട്ടു; മോചിപ്പിച്ചത് പൊലീസെത്തി
ലക്നൗ: ഉത്തർപ്രദേശിലെ ലകനൗവിൽ കുട്ടികളെ മദ്രസയിൽ ചങ്ങലക്കിട്ടതായി ആരോപണം. മദ്രസയിൽ നിന്ന് ഓടിപ്പോകാതിരിക്കാനാണ് രണ്ട് ആൺകുട്ടികളെ ചങ്ങലക്കിട്ടതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
പ്രദേശവാസികളാണ് കുട്ടികളുടെ വീഡിയോ എടുത്ത് പൊലീസിന് അയച്ചുകൊടുത്തത്. തുടർന്ന് സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ കുട്ടികളെ മോചിപ്പിച്ച ശേഷം, പ്രതിയെ കസ്റ്റഡിയിലെടുത്തു. അതേസമയം, മദ്രസയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് കാണിച്ച് കുട്ടികളുടെ മാതാപിതാക്കൾ രേഖാമൂലം പൊലീസിന് അപേക്ഷ നൽകി.
പലതവണ മദ്രസയിൽ നിന്ന് ഓടിപ്പോകാൻ ശ്രമിച്ചതിനാൽ കുട്ടികളോട് കർശനമായി പെരുമാറാൻ പറഞ്ഞിരുന്നുവെന്ന് രക്ഷിതാക്കൾ പൊലീസിനെ അറിയിച്ചു. പഠിക്കാൻ താൽപര്യമില്ലാത്തതിനാൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നതായി കുട്ടികൾ പറഞ്ഞു. പഠിക്കാതിരിക്കാൻ ടോയ്ലറ്റിൽ പോലും ഒളിച്ചിരിക്കാറുണ്ടെന്നും അവർ വ്യക്തമാക്കി.