ഒരു മതത്തെയും വിമർശിക്കാനില്ല, പറയാനുള്ളത് പറയും;
കോട്ടയം: ഒരു മതത്തെയും വിമർശിക്കാനില്ലെന്ന് മുൻ എം എൽ എ പി സി ജോർജ്. നിയമം ലംഘിക്കാൻ ഉദ്ദേശിക്കുന്നില്ല. പൗരനെന്ന നിലയിൽ ഹൈക്കോടതിയുടെ തീരുമാനം എന്തോ അത് പാലിക്കാൻ ബാദ്ധ്യതയുണ്ട്. എന്നാൽ പറയാനുള്ള കാര്യങ്ങൾ പറയുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ബി ജെ പി ക്രിസ്ത്യാനികളെ വേട്ടയാടിയ പാർട്ടിയാണെന്ന അഭിപ്രായമില്ലെന്നും അവരുമായി സഹകരിക്കുന്നതിൽ തെറ്റില്ലെന്നും പി സി ജോർജ് വ്യക്തമാക്കി. തന്നെ ജയിലിലിട്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ കളിയാണെന്നും, മുഖ്യമന്ത്രിയ്ക്കുള്ള മറുപടി നാളെ തൃക്കാക്കരയിൽ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മതവിദ്വേഷപ്രസംഗം നടത്തിയ കേസിൽ കഴിഞ്ഞ ദിവസമാണ് പി സി ജോർജിന് കർശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
മതവിദ്വേഷം വളർത്തുന്ന തരത്തിലോ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലോ പ്രസംഗമോ പ്രസ്താവനയോ പാടില്ലെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.ഇന്നലെ വൈകിട്ട് ഏഴോടെയാണ് പി സി ജോർജ് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. ബി ജെ പി നേതാക്കളും പ്രവർത്തകരും മുദ്രാവാക്യം വിളിച്ചും മാലയിട്ടുമാണ് അദ്ദേഹത്തെ സ്വീകരിച്ചത്.