ഒരുമിച്ച് ജീവിക്കാൻ ഭർത്താവിനെ വെടിവച്ച് കൊന്ന് യുവതിയും കാമുകനും
ഡൽഹി: ഭർത്താവിനെ കൊലപ്പെടുത്തിയതിന് 40 കാരിയായ സ്ത്രീയും കാമുകനും അടക്കം മൂന്ന് പേർ പിടിയിൽ. സെൻട്രൽ ദില്ലിയിലെ ദര്യഗഞ്ച് സ്വദേശിയായ സീബ ഖുറേഷി, യുപിയിലെ മീററ്റിൽ താമസിക്കുന്ന ഷോയിബ് (29), യുപിയിലെ ഗാസിയാബാദിൽ താമസിക്കുന്ന വിനിത് ഗോസ്വാമി (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഭർത്താവ് മൊയ്നുദ്ദീൻ ഖുറേഷിയെ ഒഴിവാക്കണമെന്നായിരുന്നു സീബയുടെ ആഗ്രഹമെന്ന് പൊലീസ് പറഞ്ഞു. ഖൽസ സ്കൂളിന്റെ മൂന്നാം നമ്പർ ഗേറ്റിന് പുറത്ത് മൂത്രമൊഴിക്കുന്നതിനിടെ മെയ് 17 ന് രാത്രി 10 മണിയോടെ ദര്യഗഞ്ചിൽ വെച്ച് ഖുറേഷി (47) വെടിയേറ്റ് മരിക്കുകയായിരുന്നു. കൊലപാതകം ചെയ്തവർ സഞ്ചരിച്ചത് വെള്ള മോട്ടോർസൈക്കിളിനാണെന്ന വിവരത്തെ പിന്തുടർന്ന് അന്വേഷിച്ച പൊലീസ് വെടിയുതിർത്തവർ യുപിയിൽ നിന്നുള്ളവരാകാമെന്ന് അനുമാനിച്ചു.
ദര്യഗഞ്ചിലെ താര ഹോട്ടലിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മോട്ടോർസൈക്കിൾ പരിശോധിച്ചപ്പോൾ മീററ്റിൽ നിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. പിന്നീട് കൂടുതൽ തെളിവുകൾ ലഭിച്ചതോടെ ഇരയുടെ ഭാര്യ ഉൾപ്പെടെ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സെൻട്രൽ) ശ്വേത ചൗഹാൻ പറഞ്ഞു. സീബയ്ക്ക് രണ്ട് ആൺമക്കളും ഒരു മകളുമുണ്ട്. മൊയ്നുദ്ദീൻ റിയൽ എസ്റ്റേറ്റ് വ്യാപാരിയായിരുന്നു.
ഭർത്താവുമായുള്ള സീബയുടെ ജീവിതം സന്തുഷ്ടയായിരുന്നില്ലെന്നും അയാളെ ഒഴിവാക്കി മറ്റൊരാളെ വിവാഹം കഴിക്കാൻ അവർ ആഗ്രഹിച്ചിരുന്നുവെന്നും ഡിസിപി പറഞ്ഞു. രണ്ട് വർഷം മുമ്പ് ഫെയ്സ്ബുക്ക് വഴി ഷോയ്ബുമായി അവൾ പരിചയപ്പെടുകയും ഇരുവരും ഇടയ്ക്ക് കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്തിരുന്നു. ഈ ബന്ധം വളർന്നതോടെ ഭർത്താവിനെ കൊന്ന് തന്നെ വിവാഹം കഴിക്കാൻ സീബ ഷോയിബിനെ പ്രേരിപ്പിച്ചു.
അഞ്ച് മാസമായി ഇരുവരും കൊലപാതകം ആസൂത്രണം ചെയ്യുന്നു. അതിനിടെ ഷോയ്ബ്, ഗോസ്വാമിയെ വാടകയ്ക്കെടുക്കുകയും മൊയ്നുദ്ദീനെ കൊലപ്പെടുത്താൻ 6 ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഷോയ്ബ് വഴി ഷീബ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗോസ്വാമി പലതവണ മൊയ്നുദ്ദീനെ കൊല്ലാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
തന്റെ ഭർത്താവിനെ കൊല്ലാനും എത്രയും വേഗം തന്നെ വിവാഹം കഴിക്കാനും സീബ ഷോയിബിനെ നിർബന്ധിച്ചുകൊണ്ടിരുന്നു. ഷോയ്ബും ഗോസ്വാമിയും മീററ്റിലെത്തി മോഷ്ടിച്ചെടുത്ത ഒരു ബൈക്ക് ഏർപ്പാട് ചെയ്തു. മെയ് 17 ന് തോക്കുമായി വരാൻ ഇയാൾ ഗോസ്വാമിയോട് ആവശ്യപ്പെട്ടു. മെയ് 17 ന് തിരിച്ചെത്തിയ ഗോസ്വാമി മൊയ്നുദ്ദീനെ വളരെ അടുത്ത് നിന്ന് വെടിവച്ചു. ശേഷം മോഷ്ടിച്ച ബൈക്കുമായി ഇവർ കടന്നുകളഞ്ഞു.
ഹെൽത്ത് സപ്ലിമെന്റ് വ്യാപാരിയായ ഷൊയ്ബ് ഏകദേശം നാല് വർഷം മുമ്പ് വിവാഹിതനായിരുന്നു. ഒരു മകനുമുണ്ട്. ഇയാൾ മൂന്ന് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച മോട്ടോർ സൈക്കിൾ, ഒരു നാടൻ പിസ്റ്റൾ, മൂന്ന് ലക്ഷം രൂപ എന്നിവ പ്രതികളിൽ നിന്ന് കണ്ടെടുത്തു.