ഭർത്താവിനെ എങ്ങനെ കൊല്ലാം എന്ന നോവലെഴുതി, ഒടുവിൽ തെളിവില്ലാതെ ഒറിജിനലായി കൊന്നുതള്ളി
ലോസാഞ്ചലസ്: ഭർത്താവിനെ എങ്ങനെ കൊല്ലാം എന്ന നോവലെഴുതിയ പ്രശസ്ത അമേരിക്കൻ എഴുത്തുകാരി നാൻസി ക്രാംപ്ടൺ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. അടുത്തമാസം 13ന് ശിക്ഷ വിധിക്കും. നോവലിൽ പറഞ്ഞിരുന്നതുപോലെ തെളിവുകൾ ഇല്ലാതെ നടത്തിയ കൊല പൊലീസിന്റെ ശക്തമായ അന്വേഷണത്തിലാണ് വെളിച്ചത്തുകൊണ്ടുവന്നത്. കേസിൽ അറസ്റ്റിലായശേഷമാണ് നാൻസി നോവൽ പ്രസിദ്ധീകരിച്ചത്.
പാചക വിദഗ്ദ്ധനായ ബോഫ്രിയായിരുന്നു നാൻസിയുടെ ഭർത്താവ്. 2018ലാണ് 63കാരനായ അദ്ദേഹത്തെ ജോലി ചെയ്തിരുന്ന ഒറിഗൺ പാചക ഇൻസ്റ്റിറ്റ്യൂട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ മുതുകിലും നെഞ്ചിലും വെടിയേറ്റ പാടുണ്ടായിരുന്നു. കൊലപാതകമാണെന്ന് വ്യക്തമായെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഏതാനും മാസങ്ങൾക്കുശേഷം നാൻസിയെ അറസ്റ്റുചെയ്തു. എന്നാൽ കൊലയ്ക്ക് ഉപയോഗിച്ച തോക്കോ മറ്റുതെളിവുകളോ കണ്ടെത്താനായില്ല. കുറ്റം നാൻസി നിക്ഷേധിക്കുകയും ചെയ്തു. ഒടുവിൽ ചില വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നാൻസി തന്നെയാണ് കൊലനടത്തിയതെന്ന് പൊലീസ് ഉറപ്പിച്ചു. ഇക്കാര്യം കോടതിയിലും തെളിയിക്കാനായി. ഭർത്താവിന്റെ ജോലിസ്ഥലത്തിനടുത്തായി കൈയിൽ തോക്കുമായി നിൽക്കുന്ന വീഡിയോയാണ് പ്രധാന തെളിവായി കോടതിയിൽ സമർപ്പിച്ചത്.മാത്രമല്ല നാേവലിലെ കഥാപാത്രമായ ഭർത്താവ് കൊല്ലപ്പെടുന്നതിന് സമാനമായാണ് ബോഫ്രി കൊല്ലപ്പെട്ടതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലൂടെ കോടതിയെ ബോദ്ധ്യപ്പെടുത്താനായി. ഭർത്താവിനെ വെടിവച്ച ദൂരം പോലും നോവലിലേതിന് സമാനമായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ ഭർത്താവിനെ കൊല്ലാനല്ല തോക്ക് കൈവശം വച്ചതെന്നും നോവലെഴുതാൻ വേണ്ടിയായിരുന്നു എന്നുമാണ് നാൻസി പറയുന്നത്. ഇൻഷുറൻസ് തുകയെച്ചൊല്ലിയുള്ള തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന പൊലീസ് കണ്ടെത്തലും നാൻസി നിഷേധിച്ചിട്ടുണ്ട്. ശക്തമായ തെളിവുകൾ ഇല്ലാത്തതിനാൽ ഇപ്പോൾ ശിക്ഷ ലഭിച്ചാലും മേൽകോടതികൾ നാൻസിയെ വെറുതേ വിട്ടേക്കുമെന്നാണ് പലരും കരുതുന്നത്.
റോംഗ് നെവര്‍ ഫെല്റ്റ് റൈറ്റ്, റോംഗ് ഹസ്ബന്‍ഡ്, റോംഗ് ലവര് എന്നിവയാണ് നാൻസിയുടെ മറ്റ് പ്രധാന നോവലുകൾ. കേസിൽ അറസ്റ്റിലായെങ്കിലും നാൻസിക്ക് ഇപ്പോഴും ആരാധകർ നിരവധിയാണ്.