മൂത്രത്തിൽ നിന്നും ബിയർ, സംഗതി കേട്ട് നെറ്റി ചുളിക്കേണ്ട; സാധനം അടിപൊളിയാണെന്നാണ് രുചിച്ചവർ പറയുന്നത്
മൂത്രത്തിൽ നിന്നും ബിയർ ഉണ്ടാക്കാൻ കഴിയുമെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുന്നുണ്ടോ. അങ്ങനെ ഉണ്ടാക്കിയാൽ തന്നെ ആരെങ്കിലും കുടിക്കുമെന്ന് കരുതുന്നുണ്ടോ? എന്നാൽ സിംഗപ്പൂരിൽ ഇതിനോടകം ഈ ആശയം നടപ്പാക്കി വിജയം കൈവരിച്ചു കഴിഞ്ഞു.
ശരീരത്തിൽ നിന്നുള്ള ജലനഷ്ടം ഇതിലൂടെ കുറയ്ക്കാൻ കഴിയുമെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. മൂത്രത്തിൽ നിന്നു മാത്രമല്ല ഏതു മലിനജലത്തിൽ നിന്നും ഇതുപോലെ ബിയർ ഉണ്ടാക്കാമെന്നാണ് അവരുടെ കണ്ടെത്തൽ. ന്യൂബ്രൂ എന്ന പേരിലാണ് അവിടെ ബിയര് വിപണിയിലിറക്കിയത്. സംഭവം രുചിച്ചവരെല്ലാം ഗംഭീരമാണെന്ന് പറഞ്ഞിരിക്കുന്നതായി ബിബിസിയും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
സിംഗപ്പൂരിലെ ദേശീയ ജലബോർഡിന്റെ പിന്തുണയും ഈ ആശയത്തിന് പിന്നിലുണ്ട്. മലിനജലം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കുന്ന പല പദ്ധതികളും രാജ്യത്തുണ്ട്. വ്യാവസായിക ആവശ്യങ്ങൾക്കും എയർ കണ്ടീഷനിംഗിനുമെല്ലാം ഈ രീതിയാണ് കാലങ്ങളായി പിന്തുടർന്ന് പോരുന്നത്. ഇതിന് പുറമേയാണ് ഇപ്പോൾ മൂത്രത്തിൽ നിന്നും മലിനജലത്തിൽ നിന്നും ബിയർ ഉണ്ടാക്കാൻ തീരുമാനിച്ചത്.മൂത്രമാണെന്ന് കരുതി മുഖം ചുളിക്കാൻ വരട്ടെ. ഇതുണ്ടാക്കുന്ന രീതി കേട്ടാൽ ആ അറപ്പെല്ലാം മാറും. പലതരം ശുദ്ധീകരണ പ്രവർത്തനങ്ങളിലൂടെയാണ് മൂത്രത്തെ ശുദ്ധജലമാക്കി മാറ്റുന്നതും പിന്നീട് ബിയറാക്കുന്നതും. സിംഗപ്പൂരിലെ ബാറുകളിലും മദ്യഷോപ്പുകളിലുമെല്ലാം ഈ ബിയറിന് ഇപ്പോൾ ആവശ്യക്കാർ ഏറെയാണ്.കാലാവസ്ഥാ വ്യതിയാനവും ശുദ്ധജല ദൗർലഭ്യവുമാണ് ഇത്തരമൊരു ആശയത്തിലേക്ക് അധികാരികളെ കൊണ്ടെത്തിച്ചതെന്നാണ് ന്യൂബ്രൂ ബ്രാൻഡിന്റെ പിന്നിൽ പ്രവർത്തിച്ചവർ പറയുന്നത്. വെള്ളത്തിന്റെ അമിത ഉപയോഗം കുറച്ചു കൊണ്ടു വന്നാൽ മാത്രമേ ഇനിയുള്ള കാലം പിടിച്ചു നിൽക്കാൻ കഴിയൂവെന്ന് പല പഠനങ്ങളും പറയുന്നത്. ഈ സാഹചര്യത്തിൽ മലിനജലത്തിൽ നിന്നും ബിയർ ഉണ്ടാക്കുന്നതിന് പ്രസക്തിയേറെയാണ്.