പുഷ്പ സ്റ്റൈലിൽ രക്തചന്ദനം കടത്തി, ഒരു കോടി വിലമതിക്കുന്ന ചന്ദന മുട്ടികൾ പിടികൂടി
തിരുപ്പതി : ആന്ധ്രയിലെ രക്ത ചന്ദനക്കൊള്ളക്കാരുടെ കഥ പറഞ്ഞ അല്ലു അർജ്ജുൻ ചിത്രം പുഷ്പ തിയേറ്ററുകളിൽ നിന്നും കോടികളാണ് സ്വന്തമാക്കിയത്. ഇപ്പോഴിതാ സിനിമയിലെ നായകനെ വെല്ലുന്ന അടവുമായി രക്ത ചന്ദനം കടത്തിയ കൊള്ളസംഘത്തെ പൊലീസ് ചിറ്റൂരിൽ വച്ച് അറസ്റ്റ് ചെയ്തിരിക്കുകയാണ്. തിരുപ്പതിയിൽ നിന്ന് തമിഴ്നാട്ടിലേക്ക് ആംബുലൻസ് ഉൾപ്പടെയുള്ള വാഹനത്തിലാണ് ഇവർ കള്ളക്കടത്ത് നടത്തിയത്. വാഹനത്തിൽ വാട്ടർ ക്യാനുകളിലാക്കിയാണ് രക്തചന്ദനം കൊണ്ടുപോയത്. ഒരു കോടിയിലധികം വിലമതിക്കുന്ന 71 മരക്കുറ്റികളാണ് കണ്ടെത്തിയത്.
ഇതുമായി ബന്ധപ്പെട്ട് 15 അന്തർസംസ്ഥാന കടത്തുകാരെ ചിറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റൂർ വേലൂർ റോഡിൽ വാഹനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് ആംബുലൻസിൽ കൊണ്ടുവന്ന രക്തചന്ദനം കണ്ടെത്തിയത്. തിരുപ്പതിയിലെ ശേഷാചലം വനത്തിൽ നിന്നാണ് സംഘം മരത്തടികൾ മുറിച്ചത്.