ഇടത് സ്ഥാനാർത്ഥി ജോ ജോസഫിനെ അപകീര്‍ത്തിപ്പെടുത്തി വ്യാജ വീഡിയോ:
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്തു. പാലക്കാട് കൊപ്പം ആമയൂര്‍ മണ്ഡലം പ്രസിഡന്റ് ഷുക്കൂറിനെയാണ് തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. വീഡിയോയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അഞ്ചിലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിൽ യൂത്ത് കോണ്‍ഗ്രസ് മുന്‍ഭാരവാഹി ശിവദാസൻ ഉൾപ്പടെയുള്ള രണ്ടുപേരെ പൊലീസ് കൊച്ചിയിൽ എത്തിച്ചിട്ടുണ്ട്.
അടുത്തിടെയാണ് വ്യാജ വീഡിയോ പ്രചരിച്ചുതുടങ്ങിയത്. ഇതോടെ എല്‍ ഡി എഫ് തൃക്കാക്കര മണ്ഡലം സെക്രട്ടറി എം. സ്വരാജ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഡോ. ജോ ജോസഫിനെ സമൂഹ മദ്ധ്യത്തില്‍ സ്വഭാവഹത്യ നടത്താനും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനുമാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് ഡി ജി പിക്കു നല്കിയ പരാതിയില്‍ സ്വരാജ് ആരോപിച്ചിരുന്നത്.
അതേസമയം, വ്യാജ പ്രചാരണങ്ങൾ കുടുംബ ജീവിതത്തെ ബാധിച്ചതായും വ്യാജ വീഡിയോ പ്രചാരണത്തിൽ രാഷ്ട്രീയ നേതാക്കൾ പ്രതികരിക്കട്ടെയെന്നും ഡോ ജോ ജോസഫ് പറഞ്ഞു.തനിക്കെതിരായ സൈബർ ആക്രമണത്തെ മറ്റ് സ്ഥാനാർത്ഥികൾ തള്ളിപ്പറഞ്ഞിനെ സ്വാഗതം ചെയ്യുകയും ചെയ്തു. ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാജ പ്രചാരണത്തിനെതിരെ ജോ ജോസഫിന്റെ ഭാര്യ ദയാ പാസ്കൽ ഇന്നലെ പരസ്യമായി രംഗത്തെത്തിയിരുന്നു.