പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി രാജ്യം വിട്ട തൃശൂർ സ്വദേശി മൂന്ന് വർഷത്തിന് ശേഷം രഹസ്യമായി ഇറങ്ങിയത് ചെന്നൈ എയർപോർട്ടിൽ
തൃക്കാക്കര: പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം വിദേശത്ത് ഒളിവിൽ കഴിഞ്ഞ യുവാവ് പിടിയിൽ. തൃശൂർ മണ്ണുത്തി സ്വദേശി തറയിൽ കാരുകുളം വീട്ടിൽ സെൽസൻ (28)ആണ് പിടിയിലായത്. 2019 ലാണ് കേസിനാസ്പദമായ സംഭവം. തൃശൂരിൽ പഠിക്കുകയായിരുന്ന മണ്ണുത്തി സ്വദേശിയായ പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി വാഴക്കാലയിലെ ഒയോ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി മണ്ണുത്തി പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തതോടെ പ്രതി സിംഗപ്പൂരിലുള്ള ബന്ധുവിന്റെ സഹായത്തോടെ കടന്നുകളയുകയായിരുന്നു.
പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് നൽകിയിരുന്നു. കഴിഞ്ഞദിവസം സിംഗപ്പൂരിൽ നിന്ന് മടങ്ങിയെത്തിയ പ്രതിയെ ചെന്നൈ എയർപോർട്ടിൽ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ചിട്ടുള്ളതായി വിവരം കിട്ടിയതിനെത്തുടർന്ന് തൃക്കാക്കര സി.ഐ ആർ.ഷാബുവിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തൃക്കാക്കര എസ്.ഐമാരായ റോയ്.കെ പൊന്നൂസ്, റഫീഖ്.സീനിയർ സി.പി.ഒമാരായ ജാബിർ,രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ ഗർഭം ധരിച്ച ഇരയുടെ കുട്ടിക്ക് ഇപ്പോൾ രണ്ടു വയസുണ്ട്.