ലൈംഗികത്തൊഴിലാളികൾക്കെതിരെ ക്രിമിനൽ നടപടി പാടില്ല; അതും ഒരു തൊഴിൽ തന്നെയാണെന്ന് വ്യക്തമാക്കി സുപ്രീം കോടതി
ന്യൂഡൽഹി: ലൈംഗികത്തൊഴിലും ഒരു തൊഴിൽ തന്നെയാണെന്ന് പ്രഖ്യാപിച്ച് സുപ്രീം കോടതി. ലൈംഗിക തൊഴിലാളികൾക്ക് നിയമപ്രകാരം അന്തസിനും തുല്യ പരിരക്ഷയ്ക്കും അർഹതയുണ്ട്. ലൈംഗിക തൊഴിലാളികൾക്കെതിരെ പൊലീസ് ക്രിമിനൽ നടപടിയെടുക്കുകയും ചെയ്യരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ജസ്റ്റിസ് എൽ നാഗേശ്വര റാവു അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ച് ആറ് നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.ലൈംഗിക തൊഴിലാളികൾക്ക് നിയമത്തിന് കീഴിൽ തുല്യ പരിരക്ഷയ്ക്ക് അർഹതയുണ്ട്. പ്രായം, പരസ്പര സമ്മതം എന്നിവയുടെ അടിസ്ഥാനത്തിലേ ക്രിമിനൽ കേസെടുക്കാൻ പാടുള്ളു. അതായത് ലൈംഗിക തൊഴിലാളി പ്രായപൂർത്തി ആയ വ്യക്തിയും സമ്മതത്തോടെയാണ് ലൈംഗിക വൃത്തിയിൽ ഏർപ്പെടുകയും ചെയ്യുന്നതെങ്കിൽ അത്തരം സാഹചര്യങ്ങളിൽ പൊലീസ് കേസെടുക്കാൻ പാടുള്ളതല്ല. തൊഴിൽ ഏതു തന്നെയായാലും ഈ രാജ്യത്തെ ഒരോ പൗരനും ഭരണഘടനയുടെ 21 ാം അനുച്ഛേദം അനുസരിച്ച് മാന്യമായ ജീവിതത്തിന് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.
ലൈംഗികതൊഴിലാളികളെ അറസ്റ്റ് ചെയ്യുകയോ ശിക്ഷിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യരുത്. വേശ്യാലയങ്ങളിലെ റെയിഡുകളിൽ ലൈംഗികതൊഴിലാളികളെ ഇരകളാക്കുകയും ചെയ്യരുത്. സ്വമേധയാ ഉള്ള ലൈംഗികതൊഴിൽ മാത്രമാണ് നിയമവിരുദ്ധമല്ലാത്തത്. എന്നാൽ വേശ്യാലയം നടത്തുന്നത് നിയമവിരുദ്ധം തന്നെയാണെന്നും കോടതി ഉത്തരവിട്ടു.
അമ്മ ലൈംഗികതൊഴിലാളിയാണെന്ന പേരിൽ അവരുടെ കുട്ടിയെ അമ്മയിൽ നിന്ന് വേർപെടുത്താൻ പാടില്ല. ഒരു സാധാരണ വ്യക്തിക്ക് ലഭിക്കുന്ന മര്യാദയുടേയും അന്തസിന്റെയും അടിസ്ഥാന സംരക്ഷണം ലൈംഗിക തൊഴിലാളികൾക്കും അവരുടെ കുട്ടികൾക്കും ബാധകമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ലൈംഗിക തൊഴിലാളികളോടുള്ള പൊലീസിന്റെ മനോഭാവം പലപ്പോഴും ക്രൂരവും അക്രമാസക്തവുമാണെന്ന കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിനാൽ തന്നെ പരാതിയുമായി എത്തുന്ന ലൈംഗിക തൊഴിലാളികളോട് പൊലീസ് വിവേചനം കാണിക്കാൻ പാടില്ല. പീഡനക്കേസുകളിൽ അതിജീവിതയ്ക്ക് നൽകുന്ന അതേ പരിഗണന ലൈംഗിക തൊഴിലാളികൾക്കും നൽകണം. ലൈംഗികാതിക്രമത്തിന് ഇരയായ ലൈംഗിക തൊഴിലാളികൾക്ക് ഉടൻ തന്നെ വൈദ്യ-നിയമ സഹായം ഉൾപ്പടെയുള്ള എല്ലാ സൗകര്യങ്ങളും നൽകണം. ലൈംഗിക തൊഴിലാളികളുമായി ബന്ധപ്പെട്ട കേസുകളിൽ അവർ ഇരകളോ പ്രതികളോ ആയിരുന്നാലും അവരുടെ വ്യക്തിത്വം വെളിപ്പെടുത്താതിരിക്കാൻ മാദ്ധ്യമങ്ങൾ ശ്രദ്ധിക്കണം. അവരുടെ പേര്, ഫോട്ടോ തുടങ്ങിയ കാര്യങ്ങളൊന്നും പുറത്തുവിടുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്യരുതെന്നും കോടതി പറഞ്ഞു.
ഈ ശുപാർശകളിൽ കേന്ദ്ര സർക്കാരിന്റെ പ്രതികരണം എന്താണെന്നും കോടതി ആരാഞ്ഞിട്ടുണ്ട്. കേന്ദ്രത്തിന്റെ നിലപാട് എന്താണെന്ന് അടുത്ത വാദം കേൾക്കുന്ന ജുലായ് 27 ന് മുമ്പ് തന്നെ അറിയിക്കണമെന്നും കോടതി പറഞ്ഞു.