ക്രിക്കറ്റ് ബാറ്റുകൊണ്ട് മര്‍ദനം: ഭാര്യയ്ക്കെതിരേ പ്രിന്‍സിപ്പലിന്റെ പരാതി
ആല്‍വാര്‍: ഭര്‍ത്താവ് ഭാര്യയെ ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ട ഗാര്‍ഹിക പീഡന കേസുകള്‍ പരിഗണിക്കുന്നത് പതിവാണെങ്കിലും രാജസ്ഥാനിലെ ഈ കോടതിക്ക് മുന്നില്‍ കഴിഞ്ഞ ദിവസമെത്തിയത് തീര്‍ത്തും വ്യത്യസ്തമായൊരു പരാതിയാണ്. അതും വീഡിയോ സഹിതമുള്ള തെളിവുകളോടെ.
ഭാര്യയുടെ നിരന്തര പീഡനത്തില്‍ പൊറുതിമുട്ടി, ഭർത്താവ് സമർപ്പിച്ച ഹർജിയായിരുന്നു കോടതിക്കു മുന്നിലെത്തിയത്. ഭര്‍ത്താവിന് പുറകെ ക്രിക്കറ്റ് ബാറ്റുമായി ഓടി തുടര്‍ച്ചയായി മര്‍ദിക്കുന്ന ഭാര്യയുടെ വീഡിയോ കോടതിക്ക് മുന്നില്‍ തെളിവായെത്തുകയും ചെയ്തു. ഇതോടെ പരാതിയില്‍ നടപടിയെടുക്കാന്‍ ബീവാടി കോടതി നിര്‍ദേശിച്ചു.
ഹരിയാനയിലെ കര്‍ക്കാര സര്‍ക്കാര്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ അജിത് യാദവാണ് പരാതിക്കാരന്. ഭാര്യ സുമന് യാദവിനെതിരായാണ് പരാതി. ഇരുവരേടേയും പ്രണയ വിവാഹമായിരുന്നുവെങ്കിലും കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി സുമന് യാദവ് തന്നെ സ്ഥിരമായി മർദിക്കുറുണ്ടെന്ന് പരാതിയില്‍ പറയുന്നു. ക്രിക്കറ്റ് ബാറ്റ്, ഇരുമ്പ് പാത്രങ്ങള്‍ മറ്റ് ആയുധങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് മർദനം. കൂടാതെ, പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ തന്റെ വസ്ത്രങ്ങളും മറ്റ് വസ്തുക്കളുമെല്ലാം നശിപ്പിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.
ആറ് വയസ്സുള്ള മകന് നോക്കി നില്‍ക്കെ മര്‍ദിക്കുന്ന ദൃശ്യങ്ങളും കോടതിയുടെ മുന്നിലെത്തിയിട്ടുണ്ട്. തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കാനും പരാതിക്കാരന് സുരക്ഷയൊരുക്കാനും ബീവാടി കോടതി പോലീസിനോട് നിര്‍ദേശിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ബീവാടി എസ്.പി വിപിന്‍ ശര്‍മ അറിയിച്ചു.
കഴിഞ്ഞ ഒരുവര്‍ഷമായി മര്‍ദനം വര്‍ധിച്ചതോടെ വീട്ടില്‍ സിസിടിവി ക്യാമറ സ്ഥാപിക്കുകയായിരുന്നു. ഇതില്‍ നിന്നുള്ള വീഡിയോ ആണ് ഇപ്പോള്‍ തെളിവായി സമർപ്പിച്ചിരിക്കുന്നത്. ഈ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിക്കുന്നുമുണ്ട്.