ആലുവ ഡിപ്പോയിൽ നിന്നും കെ എസ് ആർ ടി സി ബസ് മോഷണം പോയി; സെക്യൂരിറ്റി വേഷത്തിലെത്തിയ ആൾ പിടിയിൽ
കൊച്ചി: ആലുവയിൽ നിന്ന് കാണാതായ കെഎസ്ആർടിസി ബസ് കണ്ടെത്തി. ബസ് മോഷ്ടിച്ചയാളെയും കസ്റ്റഡിയിലെടുത്തു. എറണാകുളം നോർത്ത് പൊലീസാണ് കലൂർ ഭാഗത്തുനിന്നും ബസ് പിടികൂടിയത്. മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ ബസ് മറ്റ് വാഹനങ്ങളിൽ ഇടിച്ചു.കോഴിക്കോട് ആലുവ റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസാണ് മോഷണം പോയത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. സെക്യുരിറ്റി വേഷത്തിലെത്തിയ ആളാണ് ബസ് ഓടിച്ചു കൊണ്ടുപോയത്. അമിതവേഗത്തിൽ ബസ് പോകുന്നത് കണ്ട് ഡിപ്പോയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാർ ഇയാളെ പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല. ആലുവയിൽ നിന്ന് എറണാകുളം നോർത്ത് ഭാഗത്തേയ്ക്കാണ് ബസ് വന്നത്. വന്ന വഴിയിൽ നാല് കാറുകളടക്കം നിരവധി വാഹനങ്ങളിൽ ബസ് തട്ടിയതായും റിപ്പോർട്ടുണ്ട്. മോഷണം നടത്തിയ ആൾക്ക് മാനസിക പ്രശ്നമുണ്ടെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം.