മുംബൈ വിമാനത്താവളത്തില്‍ പിടിച്ചത് അഞ്ചരക്കോടി രൂപയുടെ വിദേശകറന്‍സി
മുംബൈ: അഞ്ചരക്കോടി രൂപയുടെ വിദേശ കറന്‍സിയുമായി രണ്ടുപേര്‍ മുംബൈയില്‍ പിടിയില്‍. സുഡാന് സ്വദേശികളായ അഹമ്മദ് മുഹമ്മദ് ഇസ്മയില്‍ ഹരാസ, ഇസ്സാം അലി അമര്‍ മുഹമ്മദ് എന്നിവരാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായത്. ഇവരില്‍നിന്ന് 7.24 ലക്ഷം യു.എസ്. ഡോളറാണ്(ഏകദേശം 5.6 കോടി രൂപ) പിടിച്ചെടുത്തത്.
ചൊവ്വാഴ്ച പുലര്‍ച്ചെ 4.05-നുള്ള എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ആഡിസ് അബാബയിലേക്ക് യാത്രചെയ്യാനാണ് ഇരുവരും വിമാനത്താവളത്തിലെത്തിയത്. എന്നാല്‍ വിമാനത്താവളത്തിലെ സെക്യൂരിറ്റി പരിശോധനയില്‍ ഇവരുടെ ഹാന്‍ഡ് ബാഗേജില്‍ വിദേശ കറന്‍സി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥര്‍ കസ്റ്റംസിനെ വിവരമറിയിക്കുകയും ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.