ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്ന കരട് പ്രമേയത്തിന് കാബിനറ്റിന്റെ അംഗീകാരം
ദോഹ: രാജ്യത്തെ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം നിയന്ത്രിക്കുന്ന മുൻസിപ്പാലിറ്റി മന്ത്രാലയത്തിന്റെ കരട് തീരുമാനത്തിന് അംഗീകാരം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനിയുടെ അധ്യക്ഷതയിൽ അമീരി ദിവാനിലെ ആസ്ഥാനത്ത് ഇന്ന് ഉച്ചതിരിഞ്ഞ് ചേർന്ന മന്ത്രിസഭാ യോഗമാണ് അംഗീകാരം നൽകിയത്.
പാരിസ്ഥിതിക സംരക്ഷണം, മാലിന്യ പുനരുപയോഗത്തിനുള്ള മികച്ച നിക്ഷേപം എന്നിവയുടെ തന്ത്രപരമായ ലക്ഷ്യങ്ങളുടെ ചട്ടക്കൂടിലാണ് കരട് പ്രമേയം തയ്യാറാക്കിയത്. കരട് പ്രമേയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന വ്യവസ്ഥകളിൽ താഴെ പറയും പ്രകാരമാണ്:
സ്ഥാപനങ്ങൾ, കമ്പനികൾ, ഷോപ്പിംഗ് സെന്ററുകൾ എന്നിവ എല്ലാതരം ഉൽപ്പന്നങ്ങളും ചരക്കുകളും പാക്ക് ചെയ്യുന്നതും പ്രദർശിപ്പിക്കുന്നതും വിതരണം ചെയ്യുന്നതിനും കൊണ്ടുപോകുന്നതിനും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം ഒന്നിലധികം തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ, ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക് ബാഗുകൾ, പേപ്പർ അല്ലെങ്കിൽ നെയ്യപ്പെട്ട ബാഗുകൾ എന്നിവ ഉപയോഗിക്കണം.
ഖത്തർ സർക്കാരും ബംഗ്ലാദേശ് സർക്കാരും തമ്മിലുള്ള നയതന്ത്ര, പ്രത്യേക, ഔദ്യോഗിക് പാസ്പോർട്ടുകൾ ഉള്ളവർക്കുള്ള വിസ ആവശ്യകതകൾ റദ്ദാക്കുന്നതിനുള്ള കരട് കരാറിനും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്.