പി സി ജോർജ് ജയിലിലേക്ക്; ക്രൂരതയാണ് തന്നോട് കാണിക്കുന്നതെന്ന് പ്രതികരണം
തിരുവനന്തപുരം: മത വിദ്വേഷ പ്രസംഗക്കേസിൽ മുൻ എം എൽ എ പി സി ജോർജ് റിമാൻഡിൽ. വഞ്ചിയൂർ കോടതി രണ്ടാഴ്ചത്തേക്കാണ് ജോർജിനെ റിമാൻഡ് ചെയ്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം പൂജപ്പുര ജയിലിലേക്ക് മാറ്റും.
കോടതിയിൽ ഹാജരാക്കുന്നതിന് മുൻപും പി സി ജോർജിനെ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. ഇത് തിങ്കളാഴ്ച പരിഗണിക്കും.
അതേസമയം, പി സി ജോർജിന്റെ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യം ലഭിച്ചാൽ എല്ലാം തുറന്നുപറയുമെന്ന് അദ്ദേഹം പ്രതികരിച്ചു. കേസ് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും ജയിലിൽ പോകാൻ തയ്യാറായിട്ടാണ് വന്നതെന്നും ജോർജ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘ക്രൂരതയാണ് എന്നോട് കാണിക്കുന്നത്. ജാമ്യം ലഭിച്ചാൽ പല കാര്യങ്ങളും പറയാനുണ്ട്. വിലക്കുള്ളതിനാൽ ഇപ്പോൾ ഒന്നും പറയുന്നില്ല. പൊതുജനത്തിന്റെ പിന്തുണയുണ്ട്. കൂടാതെ ബി ജെ പി ആത്മാർത്ഥമായി പിന്തുണയ്ക്കുന്നുണ്ട്. നേതാക്കളെല്ലാം ഇന്നലെ എറണാകുളത്ത് വന്നിരുന്നു. പൊലീസ് ചെയ്യുന്നത് കാണുമ്പോൾ തമാശയായിട്ടാണ് തോന്നുന്നതെന്നും പി സി ജോർജ് വ്യക്തമാക്കി.