പോലീസുകാർ ഷോക്കേറ്റ് മരിച്ച സംഭവം; ഒരാൾ കൂടി കസ്റ്റഡിയിൽ
പാലക്കാട്: മുട്ടിക്കുളങ്ങര കെ.എ.പി ക്യാമ്പിന് സമീപം പാടത്ത് പോലീസുകാർ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. കെണിവച്ച സ്ഥലം ഉടമ സുരേഷിന്റെ സുഹൃത്താണ് പിടിയിലായത്. മൃതദേഹങ്ങൾ വയലിൽ ഉപേക്ഷിക്കാനും തെളിവ് നശിപ്പിക്കാനും സുരേഷിനെ സുഹൃത്ത് സഹായിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ക്യാമ്പിനോട് ചേർന്ന സുരേഷിന്റെ പറമ്പിൽ പന്നിയെ പിടിക്കാൻ വച്ച വൈദ്യുതി കെണിയിൽപ്പെട്ടാണ് ഹവിൽദാർമാരായ അശോകൻ (35), മോഹൻദാസ് (36) എന്നിവർ മരിച്ചത്. ഈ മാസം പതിനെട്ടിന് വൈകിട്ടാണ് പന്നിയെ പിടികൂടാനായി വീടിന് സമീപമുള്ള വാഴത്തോട്ടത്തിൽ സുരേഷ് വൈദ്യുതി കെണി സ്ഥാപിച്ചത്.
പത്തൊൻപതിന് പുലർച്ചെ ഒന്നരയോടെ പന്നി കുടുങ്ങിയതായി സംശയിച്ച് നോക്കാനെത്തിയപ്പോഴാണ് രണ്ടുപേരെ മരിച്ചനിലയിൽ കണ്ടത്. തുടർന്ന് വൈദ്യുതി ലൈൻ ഓഫ് ചെയ്തശേഷം രണ്ടുപേരെയും കൈവണ്ടിയിലാക്കി അഞ്ഞൂറ് മീറ്റർ അകലെയുള്ള മറ്റൊരാളുടെ പറമ്പിൽ കൊണ്ടിടുകയായിരുന്നു. എല്ലാം ഒറ്റയ്ക്ക് ചെയ്തെന്നായിരുന്നു പ്രതി മൊഴി നൽകിയത്.