അപകടത്തില്‍ കാല് മുറിച്ചുമാറ്റി; തളര്‍ന്നില്ല, ഒറ്റക്കാലില്‍ സ്കൂളിലേക്ക് സീമയുടെ യാത്ര
ഒരുകാല് മാത്രമുള്ള ഒരു പത്തുവയസ്സുകാരി. ആ കാല് ഉപയോഗിച്ച് അവള് സ്കൂളിലേക്ക് നടത്തുന്ന യാത്ര. ആ പെണ്‍കുട്ടിയും അവളുടെ യാത്രയുടെ ദൃശ്യങ്ങളുമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ബിഹാറിലെ ജമുയി ജില്ലയില്‍നിന്നുള്ളതാണ് ഈ കാഴ്ച. സീമ എന്നാണ് ഈ മിടുക്കിയുടെ പേര്.
രണ്ടുവര്‍ഷം മുന്‍പു നടന്ന ഒരു അപകടത്തേ തുടര്‍ന്നാണ് സീമയുടെ ഒരുകാല് മുറിച്ചു മാറ്റേണ്ടി വന്നത്. എന്നാല്‍ പഠിക്കാനുള്ള സീമയുടെ താല്പര്യത്തിന് അത് വിലങ്ങുതടിയായില്ല. സീമയുടെ വീട്ടില്‍നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ ദൂരമുണ്ട് സ്കൂളിലേക്ക്. എല്ലാദിവസവും സീമ ഒരുകാലുപയോഗിച്ച് സ്കൂളില്‍ പോവുകയും ചെയ്യും
സീമയുടെ സ്കൂളിലേക്കുള്ള യാത്രയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. നടന് സോനു സൂദ്, ബിഹാര്‍ മന്ത്രി ഡോ. അശോക് ചൗധരി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് തുടങ്ങി നിരവധിയാളുകളാണ് സീമയുടെ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. സീമയെ സഹായിക്കാന്‍ തയ്യാറാണെന്ന് സോനു വ്യക്തമാക്കിയിട്ടുമുണ്ട്.