അബുദാബി സ്ഫോടനത്തില്‍ മരിച്ചവരില്‍ മലയാളിയും
അബുദാബി: ഖാലിദിയയില്‍ പാചകവാതകസംഭരണി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് ഒരു മലയാളിയും ഒരു പാകിസ്താനിയുമെന്ന് തിരിച്ചറിഞ്ഞു. ആലപ്പുഴ സ്വദേശി ശ്രീകുമാര്‍ രാമകൃഷ്ണന് നായരാണ് അപകടത്തില്‍ മരിച്ച മലയാളിയെന്നാണ് സൂചന. എന്നാല്‍ ഇദ്ദേഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
106 ഇന്ത്യക്കാര്‍ക്ക് പരിക്ക് പറ്റിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റി, ഷഖ്ബൂത് ഹോസ്പിറ്റല്‍, ബുര്‍ജീല്‍, എന്‍.എം.സി., മെഡിയോര്‍, ലൈഫ് ലൈന്‍, മെഡിക്ലിനിക്, ക്ളീവ്ലാന്‍ഡ് എന്നിവിടങ്ങളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
അപകടത്തില്‍ തകര്‍ന്ന ഫുഡ് കെയര്‍ റെസ്റ്റോറന്റിലെ എട്ട് ജീവനക്കാരും ചികിത്സയിലാണ്. മൂന്നുപേരുടെ നില ഗുരുതരമാണെന്ന് റെസ്റ്റോറന്റ് ഉടമ അറിയിച്ചു. സ്ഫോടനം നടന്നത് റെസ്റ്റോറന്റിന്റെ താഴെയുള്ള പാചകവാതകസംഭരണിയില് ആയിരുന്നെങ്കിലും തീപ്പിടിത്തം ആദ്യം ഉണ്ടായത് റെസ്റ്റോറന്റിലായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സ്ഫോടനം നടന്നത്.