ജോ ജോസഫിനെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നു, യു ഡി എഫിന് പരാജയ ഭീതിയെന്ന് സി പി എം
കൊച്ചി : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫിനെതിരെ യു.ഡി.എഫ് അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് സി.പി.എമ്മിന്റെ പരാതി. പരാജയ ഭീതി കാരണമാണ് ഒരു പാർട്ടിയും കാണിക്കാത്ത നടപടി കോൺഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി. രാജീവും എം. സ്വരാജും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോൺഗ്രസ് നേതാക്കളുടെ ചിത്രമുള്ള പ്രൊഫൈലിൽ നിന്ന് വീഡിയോ ഷെയർ ചെയ്യുകയാണെന്നും ഇരുവരും കുറ്റപ്പെടുത്തി. വലിയ അക്രമമാണ് നടക്കുന്നത്. പരാജയഭീതി കൊണ്ടുണ്ടാകുന്നതാണിത്. പൊലീസിലും തിരഞ്ഞെടുപ്പ് കമ്മിഷനിലും പരാതി നൽകി. യു.ഡി.എഫിലുള്ളവർ തന്നെ ഇതിനെതിരെ പ്രതികരിക്കണമെന്നും പി. രാജീവ് ആവശ്യപ്പെട്ടു. സൈബർ ക്രിമിനലുകളെ കോൺഗ്രസ് തീറ്റിപ്പോറ്റുകയാണെന്ന് എം. സ്വരാജ് കുറ്റപ്പെടുത്തി.
പരാതി നൽകിയ ശേഷം വീഡിയോ ഷെയർ ചെയ്യരുതെന്ന് കോൺഗ്രസ് ഗ്രൂപ്പുകളിൽ നിർദ്ദേശം വന്നു. കോൺഗ്രസ് നേതൃത്വം അറിയാതെ ഇത്തരം സംഭവം നടക്കില്ലെന്നും സ്വരാജ് പറഞ്ഞു