35കാരനെ ക്ഷേത്രപരിസരത്തിൽവച്ച് രണ്ടുപേർ കുത്തിവീഴ്ത്തി
അഹമ്മദാബാദ്: ക്ഷേത്രദർശനത്തിനെത്തിയ ആളോട് പത്ത് രൂപ ചോദിച്ച് ലഭിക്കാത്തതിന്റെ ദേഷ്യത്തിൽ രണ്ടുപേർ ചേർന്ന് കുത്തിപ്പരിക്കേൽപ്പിച്ചു. ഗുജറാത്തിലെ കാലുപൂർ റെയിൽവെ സ്റ്റേഷന് സമീപം ഒരു ക്ഷേത്രത്തിലാണ് സംഭവം. ഭറൂച് സ്വദേശിയായ കലു വസവ എന്ന 35കാരനെയാണ് രണ്ടുപേർ ചേർന്ന് കുത്തിയത്. ദിവസവും ക്ഷേത്രദർശനത്തിനെത്തുന്ന യുവാവിനോട് രഘു, ദിനേശ് എന്നിവർ 10 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ കലു പണം നൽകാൻ തയ്യാറായില്ല.
ഞായറാഴ്ച പുലർച്ചെ കലു ക്ഷേത്രദർശനത്തിനെത്തിയതും ഇരുവരും ചേർന്ന് കലുവിനെ അസഭ്യം പറയാൻ തുടങ്ങി. വൈകാതെ വഴക്കുണ്ടാകുകയും ഇതിനിടെ പ്രതികളിലൊരാൾ കത്തിയെടുത്ത് കുത്തുകയുമായിരുന്നു. സംഭവം കണ്ട സമീപത്തുളളവർ കലുവിനെ രക്ഷിച്ച് അടുത്തുളള ആശുപത്രിയിലെത്തിച്ചു. പ്രതികളുടെ പേരിൽ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അഹമ്മദാബാദ് റെയിൽവെ പൊലീസും കലുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സംഭവം അന്വേഷിക്കുന്നുണ്ട്.