ഏഴു വയസിനും പത്ത് വയസിനും ഇടയിൽ പ്രായമുള്ള കുരുന്നുകളുടെ ശരീരത്തിലേക്ക് നിഷ്കരുണം നിറയൊഴിച്ച സാൽവദോർ റാമോസ് എന്ന പതിനെട്ടുകാരൻ ആരാണ്?
ടെക്സാസിലെ സ്കൂളിൽ ഇന്ന് രാവിലെ നടന്ന വെടിവയ്പിൽ ഇരുപത്തിയൊന്നുപേരാണ് കൊല്ലപ്പെട്ടത്. അതിലേറെയും ഏഴു വയസിനും പത്ത് വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളായിരുന്നു. അക്രമിയായ സാൽവദോർ റാമോസിനെ പൊലീസ് സംഭവസ്ഥലത്ത് വച്ചുതന്നെ വെടിവച്ച് കൊലപ്പെടുത്തുകയും ചെയ്തു.
ഒന്നുമറിയാത്ത ആ കുരുന്നുകളുടെ പിഞ്ച് ശരീരത്തിലേക്ക് നിഷ്കരുണം നിറയൊഴിച്ച് കൊലപ്പെടുത്തിയ സാൽവദോർ റാമോസ് എന്ന പതിനെട്ടുകാരൻ ആരാണ്? സ്വന്തം മുത്തശ്ശിയെ കൊലപ്പെടുത്തിയ ശേഷം എന്തിനാണ് അയാൾ ആ എലമെന്ററി സ്കൂളിലേക്ക് വന്ന് കുട്ടികൾക്ക് നേരെ വെടിവച്ചത്?
സാൻ അന്റോണിയോയിൽ നിന്ന് 135 കിലോമീറ്റർ പടിഞ്ഞാറ് നിന്നുള്ള വ്യക്തിയാണ് റാമോസ്. വെൻഡീസ് ഫാസ്റ്റ് ഫുഡ് ചെയിനിലെ ഒരു റെസ്റ്റോറന്റിൽ ഒരു വർഷത്തോളം ഇയാൾ ജോലി നോക്കിയിരുന്നു. ശേഷം ഒരു മാസം മുമ്പാണ് ജോലി ഉപേക്ഷിച്ചത്. ജോലി സമയത്തും തനിച്ചിരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന സ്വഭാവക്കാരനായിരുന്നു റാമോസ്.
തന്റെ സഹപ്രവർത്തകരുമായി അകന്ന് കഴിഞ്ഞ അയാൾ ഒരു മാസം മുൻപ് അവിടെ നിന്ന് തെറ്റിപ്പിരിഞ്ഞ് പോവുകയായിരുന്നു. റാമോസിന്റെ സഹപ്രവർത്തകർക്ക് പോലും അയാൾ ആരാണെന്ന കാര്യത്തിൽ വ്യക്തതയില്ലായിരുന്നു. ആരുമായും അധികം ഇടപഴകാത്ത സ്വഭാവമായിരുന്നു അയാളുടേത്. എപ്പോഴും ഒരു ജോടി ബോകസിംഗ് ഗ്ലൗസ് കയ്യിൽ കരുതിയിരുന്ന റാമോസ് പലപ്പോഴും പലരോടും വഴക്കിന് പോയിരുന്നുവെന്നും അയാളുടെ ഒരു സഹപ്രവർത്തക പറയുന്നു.
റാമോസ് സ്ഥിരമായി ഒരു പെൺകുട്ടിയുമായി ഇൻസ്റ്റഗ്രാം വഴി ചാറ്റ് ചെയ്തിരുന്നു. എന്നാൽ അയാളെ ഭയന്നിട്ടാണ് താൻ സ്ഥിരമായി ചാറ്റ് ചെയ്തിരുന്നതെന്നാണ് പെൺകുട്ടി പറയുന്നത്. ആക്രമണത്തിന് മുമ്പ് അയാൾ അവസാനമായി ചാറ്റ് ചെയ്തതും ആ പെൺകുട്ടിയോടാണ്. ആക്രമണത്തിന് പിന്നാലെ അവൾ ഈ ചാറ്റുകളെല്ലാം സമൂഹമാദ്ധ്യമത്തിൽ പങ്ക് വച്ചു. ‘ഞാൻ പോകുന്നു’ എന്നാണ് റാമോസ് പെൺകുട്ടിയ്ക്ക് അയച്ച അവസാന സന്ദേശം.
ഒരു വാഹനത്തിലാണ് റാമോസ് സ്കൂളിന് പുറത്തെത്തിയത്. ശേഷം വാഹനം സ്വയം പലയിടത്തും കൊണ്ടിടിപ്പിച്ചു. എന്നിട്ടാണ് അയാൾ സ്കൂളിനുള്ളിലേക്ക് കയറിയത്. ആയുധങ്ങൾ ശരീരത്തിൽ ഘടിപ്പിച്ചുകൊണ്ടാണ് റാമോസ് ആക്രമണത്തിനെത്തിയത്. രണ്ട് റൈഫിളുകളാണ് ആ പതിനെട്ടുകാരന്റെ കയ്യിലുണ്ടായിരുന്നത്. ആക്രമണത്തിന് ഉപയോഗിച്ച റൈഫിളുകളുമായി നിൽക്കുന്ന ചിത്രവും റാമോസ് മുമ്പ് ഇൻസ്റ്റഗ്രാമിൽ പങ്ക് വച്ചിട്ടുണ്ട്.