ഗുഡ്സ് ഓടോറിക്ഷ മോഷ്ടിച്ച കേസില്‍ കാസര്‍കോട് സ്വദേശി അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍നിന്ന് ഗുഡ്സ് ഓടോറിക്ഷ മോഷ്ടിച്ചെന്ന കേസില്‍ കാസര്‍കോട് സ്വദേശി അറസ്റ്റില്‍. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന് പരിധിയിലുള്ള മുഹമ്മദ് ശറീഫ്(40) ആണ് പിടിയിലായത്. ടൗണ്‍ സി ഐ ശ്രീജിത് കൊടേരിയും എഎസ്ഐമാരായ അജയന്, നാസര്‍, ഉദ്യോഗസ്ഥരായ നിഷാന്ത്, മനീഷ് എന്നിവരും ചേര്‍ന്ന് സൈബര്‍ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഇക്കഴിഞ്ഞ 18 ന് രാത്രിയായിരുന്നു പ്രസ് ക്ലബ് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ഓടോറിക്ഷ പ്രതി മോഷണം നടത്തിയത്. റോഡരികില്‍ സ്ഥാപിച്ച സി സി ടി വി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞതും പിടികൂടിയതും.
കണ്ണൂര്‍ പാറക്കണ്ടിയില്‍ പ്രതിയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അന്വേഷണ സംഘം പിടികൂടിയത്. കണ്ണൂര്‍ നഗരത്തില്‍ തുടര്‍ചയായി മോഷണം നടക്കുന്ന സാഹചര്യത്തില്‍ രാത്രികാല പട്രോളിങ് ശക്തമാക്കിയിരിക്കുകയാണ്.