രാമേശ്വരത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; മൃതദേഹം കത്തിക്കാനും ശ്രമം, അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ
ചെന്നൈ: തമിഴ്നാട്ടിൽ നാൽപതുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചു. സംഭവത്തിൽ ഒഡിഷ സ്വദേശികളായ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സമീപത്തുള്ള ചെമ്മീൻ കെട്ടിലെ തൊഴിലാളികളാണ് ഇവർ. രാമേശ്വരം വടക്കാട് മേഖലയിലാണ് സംഭവം നടന്നത്.കഴിഞ്ഞദിവസം കടൽസസ്യങ്ങൾ ശേഖരിക്കാൻ പോയതായിരുന്നു യുവതി. രാത്രിയായിട്ടും തിരികെയെത്താത്തതിനെ തുടർന്ന് ഭർത്താവും ബന്ധുക്കളും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചെമ്മീൻക്കെട്ടിന് സമീപത്ത് ഒരു യുവതിയുടെ കത്തിക്കരിഞ്ഞ ശരീരമുള്ളതായി അറിഞ്ഞത്. നാട്ടുകാരാണ് സംഭവം ആദ്യം കണ്ടത്. തുടർന്ന് ചെമ്മീൻക്കെട്ട് പ്രദേശവാസികൾ അടിച്ചു തകർത്തു.ഇവിടത്തെ തൊഴിലാളികളെ ചോദ്യം ചെയ്തതോടെയാണ് യുവതിയെ കൂട്ടമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ വിവരം പുറത്തു വന്നത്. തെളിവ് നശിപ്പിക്കാനായിട്ടായിരുന്നു മൃതദേഹം കത്തിച്ചത്.