സുഹൃത്തിനോട് പ്രണയാഭ്യർത്ഥന നടത്തി; ഭർത്താവിന്റെ തലയറുത്ത് പുഴയിലെറിഞ്ഞ് യുവതി, നിർണായകമായത് ടാറ്റൂ
കൊൽക്കത്ത: സുഹൃത്തിനോട് പ്രണയാഭ്യർത്ഥന നടത്തിയ ഭർത്താവിനെ സുഹൃത്തുക്കളോടൊപ്പം ചേർന്ന് തലയറുത്ത് കൊന്ന് യുവതി. പിന്നാലെ തല നദിയിൽ എറിയുകയും മൃതദേഹം വാഹനത്തിൽക്കയറ്റി കൊണ്ടുപോയി അഴുക്കു ചാലിൽ തള്ളുകയും ചെയ്തു. പശ്ചിമബംഗാളിലെ ഹൂഗ്ളിയിലാണ് സംഭവം. പ്രതികൾ അറസ്റ്റിലായി.ശുഭജ്യോതി ബസു(25) ആണ് കൊല്ലപ്പെട്ടത്. ബസുവിന്റെ ഭാര്യ പൂജ, സുഹൃത്ത് ശർമ്മിഷ്ഠ ഭാസ്കർ അധികാരി, ഭർത്താവ് സുവീർ അധികാരി എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഒന്നരമാസം മുൻപായിരുന്നു ബസുവിന്റെയും പൂജയുടെയും വിവാഹം. ഇതിനിടെ ബസു ഭാര്യയുടെ സുഹൃത്തായ ഷർമ്മിഷ്ഠയുമായി പരിചയത്തിലായി. പിന്നാലെ ഷർമ്മിഷ്ഠയോട് പ്രണയാഭ്യർത്ഥന നടത്തുകയും നിരന്തരം ശല്യം ചെയ്യുകയും ചെയ്തു. ഒടുവിൽ ശല്യം സഹിക്കവയ്യാതായപ്പോൾ ബസുവിന്റെ ഭാര്യയെയും സ്വന്തം ഭർത്താവിനെയും ഷർമ്മിഷ്ഠ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മൂവരും ചേർന്ന് ബസുവിനെ കൊല്ലാൻ പദ്ധതി തയ്യാറാക്കുകയും ഹൂഗ്ളി നദിക്കരയിലുള്ള ഒരു ഇഷ്ടികചൂളയിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു.ഇവിടെവച്ച് ബസുവിന് മദ്യം നൽകുകയും മൂവരും ചേർന്ന് കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു. ബസുവിന്റെ കയ്യിലെ പച്ചകുത്തിയ പാടായിരുന്നു മൃതദേഹം തിരിച്ചറിയാൻ പൊലീസിനെ സഹായിച്ചത്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പൊലീസ് പ്രചരിപ്പിക്കുകയും ബന്ധുക്കൾ ഇയാളെ തിരിച്ചറിയുകയുമായിരുന്നു. പിന്നാലെയാണ് ഭാര്യയും സുഹൃത്തും സുഹൃത്തിന്റെ ഭർത്താവും അറസ്റ്റിലായത്.