നടിയുടെ ആരോപണത്തിൽ അന്വേഷണ റിപ്പോർട്ട് ഇന്ന്; മോശമായി പെരുമാറിയിട്ടില്ലെന്ന് പൊലീസുകാരൻ, പെരുമാറിയത് ലൈംഗിക തൊഴിലാളികളോടെന്ന പോലെയെന്ന് അർച്ചന
കൊച്ചി: രാത്രി ഓട്ടോയിൽ സുഹൃത്തിനും കുടുംബത്തിനുമൊപ്പം സഞ്ചരിക്കവേ തടഞ്ഞുനിറുത്തി പൊലീസ് മോശമായി പെരുമാറിയെന്ന നടി അർച്ചന കവിയുടെ ആരോപണത്തിൽ മട്ടാഞ്ചേരി അസി. കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറും. ഫോർട്ട്കൊച്ചിയിലേക്ക് പോകവേയാണ് ദുരനുഭവം ഉണ്ടായതെന്നാണ് നടി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.നടി പരാതി നൽകിയില്ലെങ്കിലും പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് കൈമാറി. അതേസമയം, മോശമായി പെരുമാറിയെന്ന നടി അർച്ചന കവിയുടെ ആരോപണം പൊലീസുകാരൻ നിഷേധിച്ചു. പട്രോളിംഗിനിടെ വിവരങ്ങൾ ചോദിക്കുക മാത്രമാണ് ചെയ്തതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും പൊലീസുകാരൻ പറഞ്ഞു.ഫോർട്ടുകൊച്ചിയിൽ പോകുന്നെന്നാണ് നടി പറഞ്ഞതെന്നും ബീച്ചിലേക്കാണെങ്കിൽ യാത്ര തുടരാനാവില്ലെന്ന് അറിയിച്ചു. വീട് അടുത്താണെന്ന് പറഞ്ഞതോടെ പോകാൻ അനുവദിച്ചുവെന്നും പൊലീസുകാർ വിശദീകരിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഓട്ടോ ഡ്രൈവറെ കണ്ടെത്തി മൊഴിയെടുക്കും.ലൈംഗിക തൊഴിലാളികളോടെന്ന പോലെയാണ് പൊലീസ് തങ്ങളോട് പെരുമാറിയതെന്ന് അർച്ചന കവി മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. തങ്ങൾ സഞ്ചരിച്ച ഓട്ടോ തടഞ്ഞ് എവിടേക്കാണെന്നും എന്തിന് പോവുകയാണെന്നുമെല്ലാം ചോദിച്ചു. ഇതൊക്കെ എന്തിനാണെന്ന് തിരിച്ചു ചോദിച്ചു. പരുഷമായിട്ടായിരുന്നു സംസാരം. വീട്ടിലേക്ക് കയറുംവരെ പൊലീസ് പിന്തുടർന്നുവെന്നും ഇതിന്റെ മനോവിഷമത്തിലാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടതെന്നും താരം വെളിപ്പെടുത്തിയിരുന്നു.