അന്വേഷണം ഉടൻ അവസാനിപ്പിക്കേണ്ടതില്ലെന്ന് സർക്കാർ; കുറ്റപത്രം നൽകാൻ ക്രൈംബ്രാഞ്ച് കൂടുതൽ സമയം ആവശ്യപ്പെടും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിക്കാൻ സമയം നീട്ടി ചോദിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. അന്വേഷണം ഉടൻ അവസാനിപ്പിക്കേണ്ടതില്ലെന്നാണ് സർക്കാരിന്റെ തീരുമാനം. കനത്ത പ്രതിഷേധത്തെ തുടർന്നാണ് നടപടി.നടിയുടെ ഹർജിയിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ പൊലീസ് ഹൈക്കോടതിയെ സമീപിക്കും. അന്വേഷണം പൂർത്തിയാക്കാൻ സാവകാശം ആവശ്യപ്പെട്ട് വീണ്ടും ഹർജി നൽകും. ഹർജി നൽകാൻ ക്രൈംബ്രാഞ്ചിന് അനുമതി ലഭിച്ചിട്ടുണ്ട്. അതേസമയം, ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാൻ അനുമതി ലഭിച്ചിട്ടില്ല.ഈ മാസം 30ന് കുറ്റപത്രം നൽകാനായിരുന്നു നിർദേശം. ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന വാർത്ത വന്നതിന് പിന്നാലെ അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. കേസ് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നും നീതി ഉറപ്പാക്കാനുള്ള ഇടപെടൽ കോടതിയുടെ ഭാഗത്തു നിന്നുമുണ്ടാകണമെന്നും വ്യക്തമാക്കിയാണ് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.ദിലീപ് ഉന്നത രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണെന്നും ഭരണ കക്ഷിയിലെ അംഗങ്ങളും ദിലീപും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിന് പിന്നിലെന്നും ഹർജിയിൽ അതിജീവിത ആരോപിച്ചിട്ടുണ്ട്. നീതിക്കായി കോടതിയെ സമീപിപ്പിക്കുകയല്ലാതെ തനിക്ക് മറ്റു വഴികളില്ലെന്നും അവർ വ്യക്തമാക്കി. ഹർജി ഇന്ന് കോടതി പരിഗണിക്കും.