മുഖ്യമന്ത്രിയെ അമേരിക്കയിൽ എത്തിച്ച മയോ ക്ളിനിക് ഇന്ത്യയിലേക്ക്, കൊച്ചിയിൽ 100 കോടിയുടെ അത്യാധുനിക ലാബ് സജ്ജമാകുന്നു
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ ചികിത്സ തേടിയ മയോ ക്ളിനിക്, കാൻസർ പരിചരണരംഗത്തെ ഇന്ത്യൻ കമ്പനിയായ കാർക്കിനോസിൽ വൻ നിക്ഷേപം നടത്തി. തുക വെളിപ്പെടുത്തിയിട്ടില്ല. കേരളത്തിൽ ഉൾപ്പെടെ രാജ്യമെങ്ങും കാൻസർ ഗവേഷണ, പരിചരണസൗകര്യങ്ങൾ ഒരുക്കുന്ന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സ്ഥാപനമാണ് കാർക്കിനോസ്.മലയാളിയായ ഡോ.മോനി കുര്യാക്കോസ് കാർക്കിനോസിന്റെ സഹസ്ഥാപകനും മെഡിക്കൽ ഡയറക്ടറുമാണ്. രത്തൻ ടാറ്റയ്ക്ക് ഉൾപ്പെടെ വൻ നിക്ഷേപമുള്ള കാർക്കിനോസ് ഹെൽത്ത് കെയർ മുംബയ് ആസ്ഥാനമായാണ് പ്രവർത്തനം. കാൻസർ പരിചരണത്തിന് പുതിയ സംവിധാനങ്ങൾ ഒരുക്കാനാണ് മയോയുടെ നിക്ഷേപം പ്രയോജനപ്പെടുത്തുക. കാർക്കിനോസിന്റെ ഡയറക്ടർ ബോർഡിൽ മയോ ക്ളിനിക്കിന്റെ പ്രതിനിധിയെയും ഉൾപ്പെടുത്തും.പിണറായി വിജയൻ രണ്ടുതവണ ചികിത്സ നടത്തിയതോടെയാണ് അമേരിക്കയിലെ മയോ ക്ളിനിക് കേരളത്തിൽ ശ്രദ്ധനേടിയത്. കഴിഞ്ഞ മാസവും മയോ ക്ളിനിക്കിൽ അദ്ദേഹം ചികിത്സയ്ക്ക് പോയിരുന്നു.