സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ എട്ട് ലക്ഷത്തിന് നവീകരിച്ച സ്കൂൾ കെട്ടിടം പൊളിഞ്ഞു വീണു
പൂവച്ചൽ:എട്ടുലക്ഷം മുടക്കി നവീകരിച്ച സ്കൂൾ കെട്ടിടം സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കെട്ടിടത്തിന്റെ സീലിംഗ് പൊളിഞ്ഞുവീണു. പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കോവിൽ വിള വാർഡിലെ കുഴക്കാട് എൽ.പി സ്കൂൾ നവീകരണമാണ് വിവാദത്തിലായത്. ലക്ഷങ്ങളുടെ അഴിമതി ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തി.പൂവച്ചൽ പഞ്ചായത്തിലെ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയാണ് കോവിൽവിള വാർഡിലെ കുഴക്കാട് എൽ.പി സ്കൂൾ നവീകരണത്തിന് എട്ടുലക്ഷം രൂപ അനുവദിച്ചത്. മൂന്നു ക്ലാസ്മുറികൾ ഉള്ള കെട്ടിടത്തിന് മേൽക്കൂര, സീലിംഗ് പെയിന്റിംഗ് എന്നിവയ്ക്കായാണ് തുക അനുവദിച്ചത്. പണി ആരംഭിച്ചെങ്കിലും പുതിയ ഭരണസമിതി അധികാരത്തിൽ വന്നശേഷം നടപടികൾ വേഗത്തിലാക്കി പണി പൂർത്തീകരിച്ചു.സ്കൂൾ നവീകരണത്തിൽ അപാകതകൾ ഏറിയതോടെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ സൗമ്യ ജോസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ അംഗങ്ങളായ കട്ടക്കോട് തങ്കച്ചൻ, അജിലാഷ്, ലിജു സാമുവേൽ, അനൂപ് കുമാർ, വത്സല,രാഘവലാൽ തുടങ്ങിയവർ സ്കൂൾ സന്ദർശിച്ചു അദ്ധ്യാപകരുമായി സംസാരിച്ചു. അടുത്തിടെ കുഴക്കാട് എൽ.പി.എസിൽ ചുമതലയേറ്റ ഹെഡ്മിസ്ട്രസ് ആയതിനാൽ ഇതിനെക്കുറിച്ച് കൂടുതൽ അറിയില്ലെന്നും സ്കൂൾ തുറക്കുമ്പോൾ ഈ അവസ്ഥയിൽ കുട്ടികളെ ഈ മുറികളിൽ ഇരുത്താൻ ഭയമാണെന്നും പഞ്ചായത്തിനെ വിവരം ധരിപ്പിക്കുമെന്നും ഹെഡ്മിസ്ട്രസ് പ്രതികരിച്ചു.ഓട് മേഞ്ഞ കെട്ടിടം പൊളിച്ചുനീക്കി ഷീറ്റ് മേയാനും കെട്ടിടം പെയിന്റിംഗ് നടത്തുന്നതിനുമായിരുന്നു കരാർ. എന്നാൽ പഴയ തടിയും കഴുക്കോലും പട്ടിയലും നിലനിറുത്തി നിലവാരം കുറഞ്ഞ ഷീറ്റാണ് മേഞ്ഞിരിക്കുന്നത്. ഇതും ഇപ്പോൾ പലഭാഗത്തും ചോരുന്നു