പതിനെട്ട് കുട്ടികളടക്കം ഇരുപത്തിയൊന്നുപേർ കൊല്ലപ്പെട്ടു
ന്യൂയോർക്ക്: അമേരിക്കയിലെ ടെക്സസിൽ സ്കൂളിൽ വെടിവയ്പ്. ആക്രമണത്തിൽ പതിനെട്ട് കുട്ടികളും അദ്ധ്യാപികയുമടക്കം ഇരുപത്തിയൊന്നുപേർ കൊല്ലപ്പെട്ടു. യുവാള്ഡിയിലെ റോബ് എലമെന്ററി സ്കൂളിലായിരുന്നു സംഭവം. പതിനെട്ടുകാരനായ അക്രമി സാൽവദോർ റാമോസിനെ പൊലീസ് വെടിവച്ച് കൊന്നു.
ഏഴ് വയസിനും പത്ത് വയസിനും ഇടയിലുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. പതിനഞ്ച് കുട്ടികൾ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. അക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. മുത്തശ്ശിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷമാണ് അക്രമി സ്കൂളിലെത്തിയതെന്നാണ് സൂചന.
സ്കൂളിൽ നിന്ന് വെടിയുണ്ടകളും തോക്കുകളും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നടുക്കം രേഖപ്പെടുത്തി. അക്രമങ്ങളിൽ മനംമടുത്തെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.