ഹരിയാണ്വി ഗായികയെ കൊലപ്പെടുത്തി, കുഴിച്ചിട്ടു;
ഡല്‍ഹി: കാണാതെ പോയ ഹരിയാണ്വി ദളിത് ഗായികയുടെ മൃതദേഹം റോഡരികില്‍ കുഴിച്ചു മൂടപ്പെട്ട നിലയില്‍. മെയ് 11-നാണ് ഗായികയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം പരാതി നല്‍കിയത്. ഹരിയാനയിലെ റോഥക് ജില്ലയിലെ ദേശീയപാതയ്ക്ക് സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.
ഗായികയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. രവി, അനില്‍ എന്നിവരാണ് പോലീസ് പിടിയിലായത്. ഇരുവരും കുറ്റം സമ്മതിച്ചുവെന്ന് പോലീസ് പറയുന്നു.
മ്യൂസിക് വീഡിയോ ഉണ്ടാക്കാനെന്ന വാജ്യേന ഡല്‍ഹിയില്‍നിന്ന് ഗായികയെ പ്രതികളിലൊരാള്‍ കൂട്ടിക്കൊണ്ട് വരികയായിരുന്നു. ലഹരിമരുന്ന് നല്കിയ ശേഷം കൊലപ്പെടുത്തി കുഴിച്ചു മൂടി. പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് വിട്ടുനല്‍കി.
ഗായിക ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കുടുംബം ആരോപിച്ചു. ജെ.പി. കലാന് പോലീസ് സ്റ്റേഷനില്‍ മൃതദേഹവുമായി ബന്ധുക്കളും ജയ്ഭീം ആര്‍മി പ്രവര്‍ത്തകരും പ്രതിഷേധിച്ചു. ലൈംഗികാതിക്രമത്തിന് തെളിവില്ലെന്നാണ് പോലീസ് പറയുന്നു. രവിയ്ക്കെതിരേ ഗായിക ബലാത്സംഗ പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള പക കൊലപാതകത്തില്‍ കലാശിച്ചുവെന്നാണ് പോലീസ് ഭാഷ്യം.