ഹിന്ദുവാണ്… വേണമെന്ന് തോന്നിയാല്‍ ബീഫ് കഴിക്കും, ചോദ്യംചെയ്യാന്‍ ആർക്കാണ് അവകാശം?സിദ്ധരാമയ്യ
ബെംഗളൂരു: കര്‍ണാടകയിലെ ബീഫ് നിരോധന നിയമത്തിനെതിരേ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. താന്‍ ഒരു ഹിന്ദുവാണ്, ജീവിതത്തില്‍ ഇതുവരെ ബീഫ് കഴിച്ചിട്ടില്ല. പക്ഷേ, വേണമെന്ന് തോന്നിയാല്‍ കഴിക്കും എന്നും സിദ്ധരാമയ്യ പറഞ്ഞു. ബീഫ് കഴിക്കണമെന്ന് എനിക്ക് തോന്നിയാല്‍ അത് ചോദ്യംചെയ്യാന്‍ നിങ്ങള്‍ക്ക് എന്താണ് അവകാശമെന്നും ഒരു പൊതുചടങ്ങില്‍ സംസാരിക്കവേ അദ്ദേഹം ചോദിച്ചു.
ബീഫ് ഒരിക്കലും ഒരു പ്രത്യേക മതവിഭാഗത്തിന്റെ ഭക്ഷണമല്ല. ഹിന്ദുക്കളും ക്രൈസ്തവരും അത് കഴിക്കാറുണ്ട്. അത് ചോദ്യംചെയ്യാനും തടയാനും ആര്‍ക്കും അവകാശമില്ല. ഇക്കാര്യം മുന്‍പ് താന്‍ അസംബ്ലിയിലും പറഞ്ഞിട്ടുള്ളതാണ്, സിദ്ധരാമയ്യ പറഞ്ഞു. ഇത്തരം ചിന്താഗതിയിലൂടെ ആര്‍എസ്എസ് മനുഷ്യരെ ഭിന്നിപ്പിക്കുന്നു, വ്യത്യസ്ത മതസമുദായങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നു, അദ്ദേഹം ആരോപിച്ചു.
എന്ത് കഴിക്കണമെന്നത് എന്റെ ഭക്ഷണ ശീലമാണ്. അത് ചോദ്യംചെയ്യാന്‍ ആര്‍ക്കാണ് അവകാശം? മുസ്ലീം സമുദായത്തില്‍പ്പെട്ടവര്‍ മാത്രമാണോ ബീഫ് കഴിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
2021 ജനുവരിയിലാണ് കര്‍ണാടകയില്‍ ഗോവധ നിരോധന നിയമം പ്രാബല്യത്തില്‍ വന്നത്. ഗോക്കളെ നിയമവിരുദ്ധമായി വില്‍ക്കുന്നതും വാങ്ങുന്നതും കശാപ്പ് ചെയ്യുന്നതും തടയുന്നതാണ് നിയമം. നിയമലംഘനം നടത്തുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവും അമ്പതിനായിരം മുതല്‍ അഞ്ച് ലക്ഷം രൂപവരെ പിഴയും ശിക്ഷയായി ചുമത്താന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്.