വാട്സാപ്പ് ഗ്രൂപ്പില്‍ അശ്ലീലസന്ദേശവും ചീത്തവിളിയും; ടൂറിസം കേന്ദ്രത്തിലെ ജീവനക്കാരെ പുറത്താക്കി
ശ്രീകണ്ഠപുരം: വിനോദസഞ്ചാരകേന്ദ്രമായ പൈതല്‍മലയുടെ വിവിധ ഭാഗങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലിചെയ്തിരുന്ന അഞ്ച് താത്കാലിക ജീവനക്കാരെ വനംവകുപ്പ് പുറത്താക്കി. കാപ്പിമല മഞ്ഞപ്പുല്ലിലെയും പൈതല്മലയിലെയും രണ്ട് ടിക്കറ്റ് കൗണ്ടര്‍ വാച്ചര്‍മാര്‍, മൂന്ന് ആന വാച്ചര്‍മാര്‍ എന്നിവരെയാണ് പുറത്താക്കിയത്.
ഉയര്‍ന്ന ഉദ്യോഗസ്ഥരെ വാട്സാപ്പ് ഗ്രൂപ്പില്‍ ചീത്തവിളിക്കുകയും വനിതാ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ക്ക് അശ്ലീലസന്ദേശങ്ങള്‍ അയക്കുകയും ചെയ്തതായി ഇവരില്‍ ചിലര്‍ക്കെതിരേ പരാതി ഉയര്‍ന്നിരുന്നു. അനുമതിയില്ലാതെ ഉദ്യോഗസ്ഥരെ അംഗങ്ങളാക്കി വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ താത്കാലിക തൊഴിലാളികളില്‍ ചിലര്‍ ക്രമേണ ഗ്രൂപ്പില്‍ അശ്ലീലസന്ദേശവും ചീത്തവിളിയും പതിവാക്കുകയായിരുന്നെന്ന് പറയുന്നു. ഇത് അതിരുവിട്ടതോടെയാണ് പുറത്താക്കല്‍ നടപടി. ആരോപണവിധേയനായ ടിക്കറ്റ് കൗണ്ടര്‍ വാച്ചര്ക്കെതിരേ വനംവകുപ്പ് അധികൃതര്‍ ആലക്കോട് പോലീസിലും പരാതി നല്കി .