ജില്ലയില്‍ അനധികൃത മീന്‍പിടിത്തം തടയാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു
കാസർകോട് :ജില്ലയില്‍ അനധികൃത മീന്‍പിടിത്തം തടയുന്നതിനായി ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ രാജപുരം എന്നീ മത്സ്യഭവനുകളുടെ നേതൃത്വം ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എം എഫ് പോള്‍ ആണ് വഹിക്കുന്നത്. കമ്മിറ്റിയില്‍ അസിസ്റ്റന്റ് ഫിഷറീസ് എക്സിക്യൂട്ടീവ് ഓഫിസര്‍ അലാവുദ്ദീന്‍, പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍മാരായ വി അശ്വിന് കൃഷ്ണന്, ഐ പി ആതിര, കെ വീണ എന്നിവര്‍ അംഗങ്ങളായി പ്രവര്‍ത്തിക്കുന്നു. കാസര്‍കോട്, കുറ്റിക്കോല്‍, കുമ്പള മത്സ്യഭവനുകളുടെ നേതൃത്വം ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എ ജി അനില്‍ കുമാര്‍ വഹിക്കുന്നത്. അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാരായ എ എ ഷിജു, എസ് എസ് സോഫിയ, പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍മാരായ ലക്ഷ്മിക്കുട്ടി, പി സ്വാതി ലക്ഷ്മി, കെ അവിനാഷ് എന്നിവര്‍ അംഗങ്ങളായി പ്രവര്‍ത്തിക്കുന്നു.
കഴിഞ്ഞ വര്‍ഷത്തില്‍ പ്രാബല്യത്തില്‍ വന്നതുപോലെ ഈ വര്‍ഷവും പ്രവര്‍ത്തനം ശക്തമാക്കും. ചെറുവലകളും കൂടുകളും മറ്റു ഉപകരണങ്ങള്‍ ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തും. പൂര്‍ണ്ണ വളര്‍ച്ചയിലെത്താത്ത മത്സ്യം പിടിക്കുന്നതും വില്പന നടത്തുന്നതും ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ നടപടി സ്വീകരിക്കും. ഫിഷറീസ്, റവന്യൂ, പൊലീസ് ഉദ്യോഗസ്ഥര്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കും ഇതേ തുടര്‍ന്ന് നടപടി സ്വീകരിക്കാം. വരും ദിവസങ്ങളില്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലുടനീളം പരിശോധന കര്‍ശനമാക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി വി സതീശന് അറിയിച്ചു.