ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന: കാസർകോട്ടെ ‘ചായി കഥ’ അടച്ചുപൂട്ടി
കാസർകോട്: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ കാസർകോട്ടെ ഒരു ഭക്ഷണശാല കൂടി അടച്ചുപൂട്ടി. കെ പി ആർ റാവു റോഡിൽ പ്രവർത്തിക്കുന്ന ‘ചായി കഥ’ എന്ന റെസ്റ്റോറന്റിനെതിരെയാണ് നടപടി സ്വീകരിച്ചത്.
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇൻഡ്യ യുടെ ലൈസൻസ് ഇല്ല, വെള്ളം പരിശോധിച്ച റിപോർട് ഇല്ല, തൊഴിലാളികൾക്ക് മെഡികൽ സർടിഫികറ്റ് ഇല്ല, ഫ്രീസർ വൃത്തിഹീനമാണ്, സിന്തറ്റിക് കളർ ഉപയോഗിക്കുന്നു എന്നീ കാരണങ്ങളാലാണ് നടപടി എടുത്തതെന്ന് അധികൃതർ അറിയിച്ചു.
ഭക്ഷണ സാധനങ്ങൾ ശരിയായ രീതിയിലോ മാനദണ്ഡങ്ങൾ പാലിക്കാതെയോ ആണ് ഫ്രിഡ്ജിലും മറ്റും സൂക്ഷിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കോഴികൾ മസാല പുരട്ടി സൂക്ഷിച്ചിരിക്കുന്നതും അലക്ഷ്യമായാണ്. ഒരു തരത്തിലുള്ള സിന്തറ്റിക് കളറുകളും ഹോടെൽ ഭക്ഷണങ്ങളിൽ ചേർക്കാൻ പാടുള്ളതല്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നതിനിടെയാണ് അത്തരത്തിൽ ഉപയോഗിച്ചതായി കണ്ടെത്തിയിരിക്കുന്നത്.
ഷവർമ കഴിച്ചതിന് പിന്നാലെ ചെറുവത്തൂരിൽ പെൺകുട്ടി മരണപ്പെടുകയും ഭക്ഷണത്തിൽ ബാക്ടീരിയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് കർശന പരിശോധനകളാണ് നടത്തുന്നത്. ഇതിനോടകം വൃത്തിഹീനമായ സാഹചര്യത്തിലും രേഖകളില്ലാതെയും പ്രവര്‍ത്തിച്ച ഹോടെലുകളും ബേകറികളും പൂട്ടിക്കുകയും പിഴയീടാക്കുകയും ചെയ്തിട്ടുണ്ട്.