സാമന്തയും വിജയ് ദേവരകൊണ്ടയും സഞ്ചരിച്ച കാർ നദിയിലേക്ക് മറിഞ്ഞു, അപകടം സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ
പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ സാമന്തയും വിജയ് ദേവരകൊണ്ടയും അപകടത്തിൽപ്പെട്ടു. കാശ്മീരിൽ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ ഇരുവരും സഞ്ചരിച്ച കാർ നദിയിലേക്ക് മറിയുകയായിരുന്നു.’കുഷി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടമുണ്ടായത്. അണിയറപ്രവർത്തകരാണ് വിവരം വെളിപ്പെടുത്തിയത്. പെട്ടെന്ന് തന്നെ ഇവർക്കുള്ള പ്രാഥമിക ശുശ്രൂഷ നൽകിയെന്നും അണിയറപ്രവർത്തകർ അറിയിച്ചു. പഹൽഗാമിനടുത്തുള്ള ലിഡർ നദിയിലേക്കാണ് കാർ മറിഞ്ഞത്. ശക്തമായ സുരക്ഷയിലാണ് ചിത്രീകരണം നടന്നതെന്ന് ഇവർ ചൂണ്ടിക്കാട്ടി
അതിവേഗം കാറോടിക്കുന്ന രംഗമായിരുന്നു ചിത്രീകരിച്ച് കൊണ്ടിരുന്നത്. പെട്ടെന്ന് കാർ നിയന്ത്രണം വിട്ട് നദിയിലേക്ക് വീഴുകയായിരുന്നു. സാമന്തയ്ക്കും വിജയ്ക്കും ചെറിയ പരിക്കുകൾ മാത്രമാണുള്ളതെന്നാണ് റിപ്പോർട്ടുകൾ. പുറംവേദന അലട്ടുന്ന ഇവർക്കുള്ള ചികിത്സ തുടരുകയാണ്.’മഹാനടി’ക്ക് ശേഷം വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന ചിത്രമാണ് ‘കുഷി’. ശിവ നിർവാണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ വർഷം ഡിസംബർ 23ന് ചിത്രം തിയേറ്ററുകളിലെത്തും. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.