വാഹന പരിശോധനയ്ക്കിടെ കാർ നിർത്തിയില്ല, ഓടിച്ചിട്ട് പിടികൂടി എക്സൈസ്; കഞ്ചാവുമായി ഗുണ്ടാ നേതാവ് പിടിയിൽ
പാലക്കാട്: വാളയാർ ചെക്പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ സാഹസം കാട്ടിയ ഗുണ്ടാ നേതാവിന്റെ കാറിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തു. ഉദ്യോഗസ്ഥരെ കണ്ടിട്ടും നിർത്താതെ പോയ കാറിനെ എക്സൈസ് സംഘം പിന്തുർന്ന് പിടികൂടുകയായിരുന്നു. പൊലീസിന്റെ ഗുണ്ടാ പട്ടികയിലുള്ള കണ്ടെയ്നർ സാബു, റോജസ് എന്നിവരാണ് പിടിയിലായത്.ചെക്പോസ്റ്റില്‍ പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർ കൈ കാണിച്ചെങ്കിലും കാർ നിർത്താതെ പോവുകയായിരുന്നു. അതിവേഗം ഓടിച്ച് പോയ കാറിനെ എക്സൈസ് സംഘം പിന്തുടരുകയായിരുന്നു. പ്രതികൾ സഞ്ചരിച്ച വാഹനം മറ്റ് വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു. ശേഷം, കഞ്ചിക്കോട്ടെ വ്യവാസ മേഖലയിലേക്ക് ഓടിച്ചു കയറ്റി. ഒടുവിൽ കോരയാർ പുഴയിൽ വച്ചാണ് ഗുണ്ടാ സംഘം പൊലീസിന്റെ പിടിയിലായത്. സാബു അവിടെ വച്ച് കീഴടങ്ങിയെങ്കിലും കൂടെയുണ്ടായിരുന്ന റോജസ് കാറിൽ നിന്നും ഇറങ്ങിയോടി. ഇയാളെ എക്സൈസ് സംഘം പിറകെയോടി കീഴ്പ്പെടുത്തുകയായിരുന്നു.ശേഷം നടത്തിയ പരിശോധനയിലാണ് കാറിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്. പിടിയിലായ സാബു കണയന്നൂർ സ്വദേശിയാണ്. ഇയാൾക്കെതിരെ നിരവധി ക്രമിനൽ കേസുകൾ നിലവിലുണ്ട്. കോഴിക്കോട് സ്വദേശിയാണ് റോജസ്. ഇരുവരെയും എക്സൈസ് ചോദ്യം ചെയ്തുവരികയാണ്.