അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും ജഡ്ജി പിന്മാറി; കേസ് നാളെ മറ്റൊരു ബെഞ്ച് പരിഗണിക്കും
കൊച്ചി: ആക്രമിക്കപ്പെട്ട നടി സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്നും ഹൈക്കോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് പിന്മാറിയത്. കേസ് നാളെ മറ്റൊരു ബെഞ്ച് പരിഗണിക്കും.കൗസർ എടപ്പഗത്ത് ഹർജി പരിഗണിക്കരുതെന്ന് നടി കഴിഞ്ഞ ദിവസം നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇന്ന് കേസ് പരിഗണിക്കാനെടുക്കവെയാണ് പിന്മാറുന്നതായി അദ്ദേഹം അറിയിച്ചത്.സർക്കാരിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരെയാണ് നടി ഹർജി നൽകിയത്. കേസിലെ തുടരന്വേഷണം ഭരണ – രാഷ്ട്രീയ നേതൃത്വം അട്ടിമറിക്കുന്നുവെന്നാണ് പ്രധാനമായും ഉന്നയിച്ചിരിക്കുന്ന ആരോപണം. സർക്കാർ ആദ്യം നീതിയുക്തമായ അന്വേഷണത്തിന് നടപടിയെടുത്തെങ്കിലും ഇപ്പോൾ പിൻവലിയുന്നു.തുടരന്വേഷണം പൂർത്തിയാക്കും മുമ്പ് അവസാനിപ്പിക്കാൻ നടൻ ദിലീപ് ഭരണകക്ഷിയിലെ ചില നേതാക്കളെ സ്വാധീനിച്ചു. തുടരന്വേഷണം പാതിവഴി അവസാനിപ്പിച്ച് അന്തിമ റിപ്പോർട്ട് നൽകാൻ ഉന്നത രാഷ്ട്രീയ നേതാക്കൾ പ്രോസിക്യൂഷനെയും അന്വേഷണ സംഘത്തെയും ഭീഷണിപ്പെടുത്തുന്നു തുടങ്ങിയവയാണ് മറ്റാരോപണങ്ങൾ.കോടതിയിൽ സൂക്ഷിച്ചിരുന്ന മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂവിൽ മാറ്റമുണ്ടെന്ന് ഫോറൻസിക് ലാബ് ജോയിന്റ് ഡയറക്ടർ 2020 ജനുവരി 10ന് വിചാരണക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ട് ലഭിച്ചത് ഹൈക്കോടതിയെയോ അന്വേഷണ ഉദ്യോഗസ്ഥനെയോ പബ്ളിക് പ്രോസിക്യൂട്ടറെയോ ഇരയായ തന്നെയോ വിചാരണക്കോടതി അറിയിച്ചില്ല.മെമ്മറി കാർഡിലെ ഫയൽ ആരെങ്കിലും കാണുകയോ പകർത്തുകയോ ചെയ്താലേ ഹാഷ് വാല്യൂവിൽ മാറ്റം വരൂ. ഗൗരവമേറിയ വിഷയം വിചാരണക്കോടതി രഹസ്യമാക്കിവച്ചു. മെമ്മറി കാർഡ് അനധികൃതമായി കൈകാര്യം ചെയ്തതിനെക്കുറിച്ചറിയാൻ വീണ്ടും ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കണമെന്ന ആവശ്യത്തിൽ വിചാരണക്കോടതി നടപടിയെടുത്തില്ല. നീതിക്കായി കോടതിയെ സമീപിക്കുകയല്ലാതെ തനിക്ക് മറ്റു വഴികളില്ലെന്നും അവർ ഹർജിയിൽ വ്യക്തമാക്കി.