‘കണ്ണുകള്‍ മാത്രം പുറത്തുകണ്ടാല്‍ മതി’; വനിതാ അവതാരകര്‍ മുഖം മറയ്ക്കണമെന്ന് താലിബാന്
കാബൂള്‍: അഫ്ഗാനിസ്താനില്‍ ടെലിവിഷന്‍ അവതാരകരായ സ്ത്രീകള്‍ മുഖം മറയ്ക്കണമെന്ന് താലിബാന്റെ പുതിയ ഉത്തരവ്. ടെലിവിഷനില്‍ വാര്‍ത്ത വായിക്കുമ്പോള്‍ കണ്ണുകള്‍ മാത്രം പുറത്തുകണ്ടാല്‍ മതിയെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. വ്യാഴാഴ്ച പുറത്തിറക്കിയ ഉത്തരവ് ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.
‘താലിബാന് ഞങ്ങള്‍ക്കുമേല്‍ അടിച്ചേല്പിക്കുകയാണ് ഈ ഉത്തരവ്. മൂക്കും വായയും മൂടിയ ശേഷമാണ് സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്. ഇങ്ങനെ വാര്‍ത്ത വായിക്കാന്‍ ബുദ്ധിമുട്ടാണ്. ഈ അടിച്ചമര്‍ത്തലിനെ ഇസ്ലാമിക പണ്ഡിതന്മാര് അംഗീകരിക്കില്ല.’-കാബൂളിലെ ടോളോ ന്യൂസിലെ വാര്‍ത്താ അവതാരകയായ സോണിയ നിയാസി അല്‍ ജസീറയോട് പ്രതികരിച്ചു. പൊതുയിടങ്ങളില്‍നിന്ന് സ്ത്രീകളെ മാറ്റി നിര്‍ത്താനാണ് താലിബാന് ശ്രമിക്കുന്നതെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.
അതേസമയം സ്ത്രീകള്‍ക്ക് പിന്തുണയുമായി പുരുഷ അവതാരകരും രംഗത്തെത്തി. മൂക്കും വായും മൂടിക്കെട്ടിയാണ് പുരുഷന്മാരും വാര്‍ത്ത വായിച്ചത്.